എം.ടി.ഐക്ക്‌ പുതിയ അക്കാദമിക് ബ്ലോക്ക്

12
4 / 100

ജില്ലയിലെ ഗവ പോളിടെക്നിക് കോളേജ് ആയ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ ടി ജലീൽ നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ അധ്യക്ഷനായി. അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി പെരിങ്ങാവി ലാണ് വിദ്യാഭ്യാസ വകുപ്പിന്റെ 4.95 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഇതോടൊപ്പം ചെമ്പൂക്കാവിലെ മെയിൻ ക്യാമ്പസിൽ നിർമ്മാണത്തിന് അനുമതി ലഭിച്ച കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

2444.78 ചതുരശ്ര വിസ്തീർണത്തിൽ നിർമ്മിച്ച ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രിൻസിപ്പൽ റൂം, കോൺഫറൻസ് റൂം, അഡ്മിനിസ്ട്രേവ് വിഭാഗം, രണ്ട് ലബോറട്ടറികൾ, എന്നിവ ഒരുക്കിയിരിക്കുന്നു. ഒന്നാം നിലയിൽ ആറ് ക്ലാസ്സ്‌ മുറികൾ, രണ്ട് സ്റ്റാഫ്‌ റൂമുകൾ, എന്നിവയും രണ്ടാം നിലയിൽ രണ്ട് ഡ്രോയിങ് ഹാളും, രണ്ട് ലാബുകളും ആണ് ഉണ്ടാവുക.

1947 -48 കാലഘട്ടത്തിൽ ജില്ലയിൽ അനുവദിക്കപ്പെട്ട ആദ്യ സർക്കാർ പോളിടെക്നിക് കോളേജ് ആണിത്. 74 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള, നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ സ്ഥാപനത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളാണ് ആരംഭിച്ചത്. കാലാനുസൃതമായി ഇലക്ട്രോണിക്സും, കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമയും ആരംഭിച്ചു. നിലവിൽ വിവിധ വിഭാഗങ്ങളിലായി ആയിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ 150 ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു.

കോർപ്പറേഷൻ കൗൺസിലർ എൻ വി രാധിക, പ്രിൻസിപ്പൽ ബാബുരാജൻ ടി എസ്, വിദ്യാർഥി പ്രതിനിധി വിഷ്ണു എ വി,
വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.