എം.വി ഗോവിന്ദൻറെ പരാമർശം: കമ്യൂണിസ്റ്റ് പാർട്ടികൾ പിരിച്ചുവിട്ട് നേതാക്കൾ കാശിക്ക് പോകണമെന്ന് കെ. സുരേന്ദ്രൻ; മറ്റുമതക്കാർക്കുള്ള അവകാശം ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ

11
5 / 100

കമ്യൂണിസ്റ്റ് പാർട്ടികൾ പിരിച്ചുവിട്ട് നേതാക്കൾ കാശിക്ക് പോകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ. കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരിട്ടിരിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ ഉയർത്തിയ അടിസ്ഥാന ആശയങ്ങൾ അപ്രസക്തമാണെന്ന് അവർ തന്നെ തുറന്നുസമ്മതിക്കുന്നതാണ് പ്രസ്താവന. ഈ സാഹചര്യത്തിൽ പാർട്ടി പിരിച്ചുവിട്ട് ദേശീയതയുടെ ഭാഗമാകാൻ കമ്യൂണിസ്റ്റ് നേതാക്കൾ തയ്യാറാകണമെന്നും സുരേന്ദ്രൻ തൃശൂരിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വൈരുദ്ധ്യാത്മക ഭൗതീകവാദത്തിന് ഇന്ത്യയിൽ പ്രസക്തിയില്ലെന്ന എം.വി ഗോവിന്ദൻെറ പ്രസ്താവനയെ തുടർന്നാണ് സുധാകരൻറെ പരിഹാസം. മതേതര സമൂഹത്തിൽ മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല. കേരളത്തിൽ മുസ്ലിം ദേവാലയങ്ങൾ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങൾക്കാണ്. ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കില്ലാത്തതെന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റി യോ​ഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചോദിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാർത്തി കൊടുത്തത് ഇവിടുത്തെ സർക്കാരാണ്. എന്തുകൊണ്ടാണ് മറ്റുമതക്കാരുടെ ആരാധനാലയങ്ങൾ ഭരിക്കാനോ അവരുടെ ആചാരങ്ങളിൽ ഇടപെടാനോ സർക്കാർ ശ്രമിക്കാത്തത്? എന്തുകൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സർക്കാർ ഏറ്റെടുക്കുന്നത്? എന്തുകൊണ്ടാണ് മറ്റു ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ തയ്യാറാവാത്തത്? മറ്റു മതങ്ങൾക്കില്ലാത്ത കാര്യങ്ങൾ ഭൂരിപക്ഷ സമുദായത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് മതേതരത്വമാണ്. വിധവ പെൻഷൻ കൊടുക്കുന്നതിൽ പോലും മതം നോക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഹാ​ഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയത് വിദേശ രാജ്യങ്ങളിൽ ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ ബാറുകളാക്കി മാറ്റുന്നത് പോലെയാണെന്നാണ് ഉമ്മൻചാണ്ടിയുടെ മകൻ പറയുന്നത്. ലൗജിഹാദിനെ കുറിച്ചും ഉമ്മൻചാണ്ടിക്കും മകനും ഇതേ നിലപാടാണോ? ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരാണ് ഭൂരിപക്ഷ വിഭാ​ഗക്കാരുടെ സംരക്ഷണത്തിന് ഇറങ്ങുന്നത്. ശബരിമലയിൽ വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ ​ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോൺ​ഗ്രസുകാർ. ശബരിമല സമര കാലത്ത് മൗനവ്രതത്തിലായിരുന്നു ഉമ്മൻചാണ്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി ശ്രീധരൻ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സി സദാനന്ദൻ മാസ്റ്റർ, എം.എസ് സമ്പൂർണ്ണ, സെക്രട്ടറി എ.നാ​ഗേഷ്, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, മഹിളാമോർച്ച പ്രസിഡൻറ് നിവേദിത സുബ്രഹ്മ്മണ്യൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ ഹരി, ഉല്ലാസ് ബാബു എന്നിവർ സംസാരിച്ചു.