എപ്ലസുകാരെ സൃഷ്ടിയ്ക്കുന്ന ഫാക്ടറിയല്ല പൊതുവിദ്യാഭ്യാസം: മന്ത്രി അഡ്വ. കെ രാജൻ

0

പൊതുവിദ്യാഭ്യാസമെന്നത് എസ്എസ്എൽസിക്കും പ്ലസ്ടുവിനും എപ്ലസ് ലഭിക്കുന്ന കുട്ടികളെ സൃഷ്ടിയ്ക്കുന്ന ഫാക്ടറിയല്ലെന്നും ജീവിതത്തിൽ എപ്ലസ് നേടുന്ന കുട്ടികളെ സൃഷ്ടിക്കാനുള്ളതാണെന്നും റവന്യൂ- ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ സ്കൂളുകളേയും ആദരിക്കുന്ന ചടങ്ങ് മികവ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Advertisement

പാഠപുസ്തകവും ഗൈഡും ക്യാപ്സൂൾ ചോദ്യോത്തരങ്ങളും മാത്രമല്ല കുട്ടികൾക്ക് നൽകേണ്ടത്. നല്ല മനുഷ്യനായി വളരുവാനുളള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. സകല മനുഷ്യരെയും സ്നേഹിക്കാൻ കഴിയുന്ന, കാപട്യങ്ങളില്ലാത്ത മനുഷ്യനായി ഓരോ കുട്ടിയെയും വളർത്തണം. ശാസ്ത്രീയമായ ചിന്തയോടെ ലോകത്തെ നയിക്കാൻ കഴിയുന്ന പുതിയ തലമുറയുടെ പിറവിക്കു വേണ്ടി ഏറ്റവും ശ്രദ്ധയോടെ ഇടപെടേണ്ട മേഖലയാണ് വിദ്യാഭ്യാസം എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ 100% വിജയം കൈവരിച്ച 26 വിദ്യാലയങ്ങളെ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ 860 വിദ്യാർഥികളെയും മറ്റു മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും അദരിച്ചു.

കാർമ്മൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ മുഖ്യാതിഥിയായി. പ്രസിദ്ധ നർത്തകനും സിനിമാതാരവുമായ ഡോ. ആർ എൽ വി രാമകൃഷ്ണനും സിനിമാ-സീരിയൽതാരം അനൂപ് വിജയും വിശിഷ്ടാഥിതികളായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ നൈസൺ, പഞ്ചായത്ത് പ്രസിഡൻറുമാരായ സിന്ധു അശോക്, റോമി ബേബി, എ യു ഷിനിജ ടീച്ചർ, പി വി വിനോദ്, സാജൻ കൊടിയൻ എന്നിവർ പങ്കെടുത്തു.

Advertisement