എലഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

3

എലഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയ്ക്കുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു. ആർദ്രം മിഷന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷന്റെ 37.5 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിലെ സാമൂഹികാരോഗ്യകേന്ദ്രം ചാലക്കുടി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തും.

Advertisement

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ 30 കിടക്കകളോട് കൂടിയ 24 മണിക്കൂർ സേവനം ഇവിടെ ലഭ്യമാകും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മൂന്ന് ഡോക്ടർമാരുടെ സേവനം എട്ടായി വർധിക്കുന്നതോടൊപ്പം പത്ത് നഴ്‌സുമാരുടെയും റേഡിയോഗ്രാഫർ ഇ സി ജി ടെക്‌നിഷ്യൻ തുടങ്ങിയവരുടെ സേവനവും പൊതുജനങ്ങൾക്ക് ലഭിക്കും.

കോടശ്ശേരി, അതിരപ്പിളളി പഞ്ചായത്തുകളിലെ ആദിവാസി ഊരുകളോട് അടുത്ത് കിടക്കുന്ന ആശുപത്രി എന്ന നിലയിൽ കൂടുതൽ പേർ ആശ്രയിക്കുന്നത് എലഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തെയാണ്. അതുകൊണ്ട് തന്നെ പുതിയ ആശുപത്രി നിർമ്മാണം പൂർത്തിയാകുന്നതോടെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഈ മേഖലയിലെ ആദിവാസികൾക്കാണ്.
നിലവിൽ വിദഗ്ദ്ധ ചികിത്സക്കായി ചാലക്കുടി ജനറൽ ആശുപത്രിയെയാണ്
ഈ പഞ്ചായത്തുകളിൽ ഉള്ളവർ ആശ്രയിക്കുന്നത്.

ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ആർദ്രം നോഡൽ ഓഫീസർ ഡോ.നിബിൻ കൃഷ്ണ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement