എല്ലാ ഭൂരഹിതരേയും ഭൂമിയുടെ അവകാശികളാക്കുമെന്ന് കെ രാജന്‍

9

സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ‍ഭൂമി നല്‍കുക എന്നതാണ് റവന്യൂവകുപ്പിന്റെ ഏറ്റവും പ്രധാന ലക്ഷ്യമെന്നും, ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍. കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ 32-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തില്‍ ‘ഭൂരഹിതരില്ലാത്ത കേരളവും ഭാവി കേരളത്തിന്റെ വികസനവും’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തവെയാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസ, ആരോഗ്യ, ഭൂപരിഷ്കരണ മേഖലകളില്‍ കേരളം ആര്‍ജ്ജിച്ച നേട്ടങ്ങളിലൂടെയാണ് കേരള മോഡല്‍ രൂപപ്പെട്ടതെന്നും, ഭാവി കേരളത്തിന്റെ വികസനം ഭൂമിയുടെ വിനിയോഗത്തില്‍ ജനപക്ഷനിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ ആര്‍ജ്ജിക്കാനാവൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. അര്‍ഹരായവര്‍ക്ക് ഭൂമി ലഭിക്കുന്നതിന് തടസ്സമാകുന്നത് എന്തെല്ലാമാണെന്ന് കണ്ടെത്തി പരിഹരിക്കുന്നതിന് ‘റവന്യൂ ഡാഷ് ബോര്‍ഡ്’ പ്രസിദ്ധപ്പെടുത്തുമെന്നും, അനധികൃതമായും നിശ്ചിതഭൂപരിധിയില്‍ അധികരിച്ച് ഭൂമി കൈവശപ്പെടുത്തിയവരെ കണ്ടെത്താന്‍ കഴിയുന്ന ‘യുണീക് തണ്ടപ്പേര്‍’ സമ്പ്രദായം രാജ്യത്ത് ആദ്യമായി നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും റവന്യൂ മന്ത്രി സമ്മേളനത്തില്‍ പറഞ്ഞു. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.പി സുമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്ങല്‍, കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ബി സുധര്‍മ, ജോയിന്റ് കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ആര്‍ ഹരീഷ് കുമാര്‍, കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി വി എച്ച് ബാലമുരളി എന്നിവര്‍ സംസാരിച്ചു.