എളവള്ളിയില്‍ കര്‍ഷക ചന്ത തുറന്നു

17

എളവള്ളി ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി കര്‍ഷക ചന്ത ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് പച്ചക്കറികള്‍ക്ക് വിലക്കിഴിവ് നല്‍കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കര്‍ഷക ചന്തയുടെ ലക്ഷ്യം. വിവിധതരം പച്ചക്കറികള്‍ നിലവിലെ വിപണിവിലയില്‍ നിന്ന് 10 ശതമാനം വര്‍ധനയോടെയാണ് കര്‍ഷകരില്‍നിന്ന് കൃഷിഭവന്‍ വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന പച്ചക്കറികള്‍ പൊതുമാര്‍ക്കറ്റ് വിലയില്‍ നിന്ന് 30 ശതമാനം കിഴിവ് നല്‍കി പൊതുജനങ്ങള്‍ക്ക് വില്‍പന നടത്തുകയാണ് ചന്തയുടെ ലക്ഷ്യം. കര്‍ഷകരില്‍ നിന്ന് ലഭ്യമല്ലാത്ത ഇനങ്ങള്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് ലഭ്യമാക്കുന്നുണ്ട്. ചന്ത ഓഗസ്റ്റ് 20 വരെ പ്രവര്‍ത്തന സജ്ജമാണ്. ചന്തയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിച്ചു. എളവള്ളി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാര്‍, കെ ഡി വിഷ്ണു, കെ ബി ജയ, ടി സി മോഹനന്‍, സനില്‍ കുന്നത്തുള്ളി, ശ്രീബിത ഷാജി, സീമഷാജു, എ പി ശരത് കുമാര്‍, സെക്രട്ടറി തോമസ് രാജന്‍, കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് റിയ ജോസഫ് എന്നിവര്‍ സംസാരിച്ചു.