എസ്.വൈ.എസ് വിത്തൊരുമ പദ്ധതിക്ക് തുടക്കം: മണ്ണിനെയും മനുഷ്യനെയും കാത്തു സൂക്ഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

14

പ്രകൃതിയെ ചൂഷണം ചെയ്ത് വിഭവങ്ങള്‍ അപഹരിക്കുന്ന പ്രവണത നാം അവസാനിപ്പിക്കണമെന്ന് ടി. എൻ. പ്രതാപൻ എം.പി. മണ്ണും മനുഷ്യനും അഭേദ്യമായ ബന്ധമുണ്ട്. ജീവന്‍റെ തുടിപ്പുകള്‍ക്ക് മണ്ണ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പച്ച മണ്ണിന്‍റെ ഗന്ധമറിയുക, പച്ച മനുഷ്യന്‍റെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന വിത്തൊരുമ പദ്ധതിയുടെ തൃപ്രയാര്‍ സോണ്‍തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണും വെള്ളവും വായുവും കിട്ടാകനിയായി മാറുന്ന കാലത്ത് പ്രകൃതിയെ നമുക്ക് ചേര്‍ത്ത് പിടിക്കാം. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഹരിതമുറ്റം ഓരോ വീടുകളിലും ഈ കോവിഡ് കാലത്ത് സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തളിക്കുളത്ത് വെച്ച് നടന്ന ചടങ്ങില്‍ എസ്.വൈ.എസ് തൃപ്രയാര്‍ സോണ്‍ ജന:സെക്രട്ടറി കെ.കെ ശമീര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എ.എ ഫൈസല്‍,ആര്‍.എ ഉവൈസ്,വി.എ നിസാര്‍ എന്നിവര്‍ സംസാരിച്ചു. പരസ്പരം വിത്തുകള്‍ കൈമാറല്‍,വൃക്ഷത്തൈ നടല്‍,കൃഷിയാരംഭം,ഹരിതമുറ്റം,ജൈവ വളനിര്‍മ്മാണം,അടുക്കളത്തോട്ടം തുടങ്ങിയ നിരവധി പദ്ധതികളാണ് എസ്.വൈ.എസിന്‍റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍റെ ഭാഗമായി നടന്ന് കൊണ്ടിരിക്കുന്നത്.