എൽ.ഡി.എഫിനും യു.ഡി.എഫിനുമെതിരെ കടന്നാക്രമിച്ച് ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദ: ഇരുമുന്നണികളും കേരളത്തിന് അപമാനമുണ്ടാക്കി; പിണറായിക്ക് താൽപ്പര്യം സ്വർണ്ണത്തിനോട്, മുമ്പുള്ള മുഖ്യമന്ത്രിക്ക് താൽപ്പര്യം സോളാർ ഊർജ്ജത്തോട്, അധികാരക്കൊതിയാണ് ഇരുവർക്കും, മനുഷ്യൻറെ വേദന മനസിലാക്കുന്ന പ്രധാനമന്ത്രിയാണ് മോദി, കേരളത്തിനോട് എൻ.ഡി.എ സർക്കാരിന് പ്രത്യേക കരുതലും പരിഗണനയുമെന്നും നദ്ദ, കേരളത്തിൻറെ കോവിഡ് പ്രതിരോധ മാതൃക പരിഹാസ്യം, ‘കമല’ത്തിന് കേരളം ആശീർവാദം നൽകണം, അയ്യപ്പ വിശ്വാസികളെ എൽ.ഡി.എഫ് പിറകിൽ നിന്ന് കുത്തി, യു.ഡി.എഫ് മൗനം പാലിച്ചു

27
5 / 100

എൽ.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദ. ബി.ജെ.പിയുെട തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും കേരളത്തിന് അപമാനമുണ്ടാക്കി. അഴിമതിയിൽ മുങ്ങിക്കുളിച്ചവരാണ് ഇരുവരും. പിണറായിക്ക് താൽപ്പര്യം സ്വർണ്ണത്തോടാണ്. സ്വർണ്ണം കണ്ട് കണ്ണ് മഞ്ഞളിച്ചു പോയി. ഇതിന് മുമ്പത്തെ മുഖ്യമന്ത്രിക്ക് താൽപ്പര്യം സോളാറിനോടാണ്. ഇതിനെല്ലാം പിന്നിൽ സ്ത്രീകളുടെ നിഴലുണ്ട്. ലൈംഗീകാരോപണത്തിൻറെ പേരിൽ മാറി നിന്ന അതേ ഉമ്മൻചാണ്ടിയെ ആണ് കോൺഗ്രസ് നേതാവായി ഉയർത്തിക്കാണിക്കുന്നത്. പാലം വിഴുങ്ങികളാണ് യു.ഡി.എഫ്. സ്പീക്കർ ആ സ്ഥാനത്തിന് അവമതിപ്പുണ്ടാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ് സർക്കാർ. യു.ഡി.എഫിനും എൽ.ഡി.എഫിനും അധികാരക്കൊതിയാണ്. ഒന്നിനും കൊള്ളത്താണ് കേരളത്തിലെ ഇടത് സർക്കാർ. സ്ത്രീ പീഢന ദളിത് പീഡനം പോലീസ് അതിക്രമം എന്നിവ വർധിക്കുകയാണ്. കോവിഡിലെ കേരള മാതൃക പരിഹാസ്യമായി. ഇതുപോലെയുള്ള സർക്കാരിനെ മാറ്റേണ്ടത് അനിവാര്യമാണ്. ‘കമല’ത്തിന് കേരളം ആശീർവാദം നൽകണം. മനുഷ്യൻറെ വേദന മനസിലാക്കുന്ന പ്രധാനമന്ത്രിയാണ് മോദി. പുറ്റിങ്ങൽ അപകടം ഉണ്ടായപ്പോൾ മോദി അപകട സ്ഥലത്തെത്തി. കേരളത്തോട് എൻ.ഡി.എ സർക്കാരിന് പ്രത്യേക കരുതലും പരിഗണനയും ഇത് വോട്ടിന് വേണ്ടിയല്ല. ജനങ്ങളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. 2016ൽ നിന്നും 2021ൽ എത്തുമ്പോൾ വലിയ മാറ്റമാണ് കേരളത്തിലുണ്ടായത്. കേരളീയ ജനത ഏത് തരം മാറ്റം പ്രതീക്ഷിക്കുന്നുവെന്നതിൻറെ തെളിവാണ് കൂടിയിരിക്കുന്ന ജനതയെന്നും നദ്ദ പറഞ്ഞു. ശബരിമലയിൽ അയ്യപ്പ വിശ്വാസികളെ പിറകിൽ നിന്ന് കുത്തിയവരാണ് എൽ.ഡി.എഫ്, കോൺഗ്രസ് വിഷയത്തിൽ മൗനം പാലിച്ചപ്പോൾ കൃത്യമായ നിലപാട് സ്വീകരിച്ചത് ബി.ജെ.പി മാത്രമാണെന്നും നദ്ദ വ്യക്തമാക്കി.