ഏറ്റവും ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉൽപാദനം സാധ്യമാകണം : മന്ത്രി കെ കൃഷ്ണൻകുട്ടി

4

ഏറ്റവും ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ സംസ്ഥാനത്തിന് സാധിക്കണമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയിൽ ഇപ്പോഴും 70 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. 30 ശതമാനം മാത്രമേ കേരളത്തിൽ ഉൽപാദിപ്പിക്കുന്നുള്ളൂ. ഇതിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. പറപ്പൂർ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Advertisement

പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 363 മെഗാവാട്ട് ഉൽപാദനശേഷി വർധിപ്പിക്കാൻ സാധിച്ചു. അതിൽ 38 മെഗാവാട്ട് വൈദ്യുതോൽപാദന പദ്ധതികൾ ഇതിനോടകം പൂർത്തീകരിച്ചു. 124 പദ്ധതികൾ ഈ വർഷം തന്നെ പൂർത്തീകരിക്കാനാകും. പട്ടികജാതി പട്ടികവർഗക്കാർക്കിടയിൽ വൈദ്യുത സോളാർ ഉപയോഗിച്ച് വരുമാനം കണ്ടെത്താനും കോൾ നിലങ്ങളിൽ ഓരോ പടവ് കമ്മിറ്റികൾക്കും ഓരോ സോളാർ പാനലുകൾ നൽകി സ്വയം വരുമാനം കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുതുവറ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് 1970 മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. പറപ്പൂർ 33 കെ.വി. സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. 85 ലക്ഷം വകയിരുത്തിയിരുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം എസ്റ്റിമേറ്റ് തുകയേക്കാൾ 5.49% കുറഞ്ഞ ചെലവിൽ പൂർത്തീകരിക്കാൻ സാധിച്ചു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ തോളൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളും മണലൂർ നിയോജക മണ്ഡലത്തിലെ എളവള്ളി ഗ്രാമപഞ്ചായത്തിലെ 5 വാർഡുകളും മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളും ഉൾപ്പെട്ടതാണ് പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പ്രവർത്തന പരിധി. 15,000-ത്തോളം വരുന്ന ഉപഭോക്താക്കൾക്കാണ് ഈ സെക്ഷൻ വഴി സേവനങ്ങൾ നൽകുന്നത്.

സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം എൽ എ, കെ.എസ്.ഇ.ബി വിതരണവിഭാഗം സപ്ലൈ ചെയിൻ മാനേജ്മെന്റ് ഡയറക്ടർ സി സുരേഷ് കുമാർ, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, തോളൂർ പഞ്ചായത്തിൽ പ്രസിഡന്റ്‌ കെ ജെ പോൾസൺ,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീദേവി ജയരാജൻ, എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജിയോഫോക്സ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജിമ്മി ചൂണ്ടൽ മറ്റു ജനപ്രതിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Advertisement