ഒടുവിൽ ഉത്തരവിറങ്ങി: മട്ടന്നൂർ ശങ്കരൻകുട്ടി ചെയർമാൻ, പുഷ്പവതി വൈസ് ചെയർപേഴ്സൺ, കരിവെള്ളൂർ മുരളി സെക്രട്ടറി: സംഗീത നാടക അക്കാദമിക്ക് പുതിയ ഭരണസമിതി

54

കേരള സംഗീത നാടക അക്കാദമി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെയും വൈസ് ചെയർപേഴ്സണായി ഗായിക പി.ആർ പുഷ്പാവതിയെയും സെക്രട്ടറിയായി കരിവെള്ളൂർ മുരളിയെയും നിയമിച്ചു. നാടക പ്രവർത്തക രേണു രാംനാഥ് അടക്കം 14 അംഗ ജനറൽ കൗൺസിലിനെയും ഉൾപ്പെടുത്തി അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു. 17ന് പുതിയ ഭരണസമിതി ചുമതലയേൽക്കും. സംഗീതനാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് എം.ജി. ശ്രീകുമാറിന്റെ പേര് സി.പി.എമ്മിൽ നിന്ന് ഉയർന്നുവന്നതും തുടർന്നുണ്ടായ എതിർപ്പുമാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വൈകാൻ കാരണമായത്.എന്നാൽ ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എമ്മും താനുമായി ഇക്കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്ന് എം.ജി ശ്രീകുമാറും വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ ചെയർമാനെയും സെക്രട്ടറിയെയും നിയമിക്കാൻ കഴിഞ്ഞിരുന്നില്ല. മന്ത്രി സജി ചെറിയാന്റെ കാലത്ത് മട്ടന്നൂരിനെയും കറിവെള്ളുരിനെ സെക്രട്ടറിയായി നിയമിക്കാൻ ധാരണയായി മാസങ്ങൾക്ക് മുൻപ് ഇത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നുവെങ്കിലും സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നില്ല. പാർട്ടി നേതൃത്വത്തിൽ തീരുമാനമെടുക്കുന്നത് വൈകുകയായിരുന്നു. അന്താരാഷ്ട്ര നാടകോത്സവം വരാനിരിക്കെ ഭരണസമിതി ഇല്ലാത്തത് സജീവ ചർച്ചയായിരുന്നു. ഒടുവിൽ ഇന്നലെ വൈകീട്ടാണ് പുതിയ ഭരണസമിതിയെ നിയമിച്ച് ഉത്തരവിറങ്ങിയത്. ചെയർമാനും സെക്രട്ടറിയും കണ്ണൂർ ജില്ലക്കാരാണെന്ന വാദം ഉയർന്നു വന്നെങ്കിലും മട്ടന്നൂർ ഏറെക്കാലമായി പാലക്കാട് ജില്ലയിലാണ് താമസമെന്നത് അദ്ദേഹത്തിന് അനുകൂലമായി മാറി. രണ്ട് പേരും സി.പി.എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളുമായും ഏറെ അടുപ്പമുള്ളവരാണ്.

Advertisement
Advertisement