ഒളകര ഭൂപ്രശ്‌നം മാനുഷിക പരിഗണന ഉറപ്പാക്കുമെന്ന് ചീഫ് വിപ്പ്: കളക്ടറും ചീഫ് വിപ്പും ഭൂമി സന്ദർശിച്ചു; 44 കുടുംബങ്ങൾക്കുള്ള ഭൂമി ഉടൻ

21

ഒളകര ആദിവാസി ഭൂപ്രശ്‌നത്തില്‍ മാനുഷിക പരിഗണന ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഗവ ചീഫ് വിപ്പ് കെ.രാജന്‍. ഒളകരയില്‍ 44 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായി കണ്ടെത്തിയ വനഭൂമില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ഒളകരയിലെ വനഭൂമിയില്‍ ചീഫ് വിപ്പിനൊപ്പം കളക്ടര്‍ എസ് ഷാനവാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു. അര്‍ഹരായ 44 കുടുംബങ്ങള്‍ക്കാണ് ഒളകരയില്‍ സ്വന്തമായി കൈവശാവകാശ രേഖയോടെ ഒരേക്കറോളം ഭൂമി ലഭിക്കുക. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സാങ്കേതികമായ ചില തടസ്സങ്ങള്‍ നില നിന്നിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോകുന്നു. സര്‍വ്വേ ഉദ്യോഗസ്ഥര്‍ ഏറ്റവും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ഒളകരയിലെ പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെയാണ് കാണുന്നത്. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കേണ്ടി വന്നാല്‍ എത്രയും വേഗം നടപടി സ്വീകരിക്കും. പൂര്‍വ്വികരുടെ പാരമ്പര്യം പിന്തുടര്‍ന്ന് അവകാശപ്പെട്ട മണ്ണില്‍ തന്നെ ജീവിക്കാന്‍ ഒളകരയിലെ 44 കുടുംബങ്ങള്‍ക്കും കഴിയുമെന്ന് ചീഫ് വിപ്പ് പറഞ്ഞു.

ഒളകരയിലെ ഭൂമി വിതരണത്തിന് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജനപ്രതിനിധികളായ സജു, രമ്യ രാജേഷ്, സുബൈദ, ഊരുമൂപ്പത്തി മാധവി, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.രാജേഷ്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഇ.ആര്‍ സന്തോഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.