ഔഷധ സസ്യ കർഷകർക്കായി ഓൺ കോൾ ഹെൽപ്പ് സെന്ററും ഫാർമേഴ്‌സ് ലൈബ്രറിയും: കർഷകർക്ക് വലിയ നേട്ടമാകുമെന്ന് മന്ത്രി കെ.കെ ശൈലജ

11
1 / 100

സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ കണ്ണാറയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്കായി ഓൺ കോൾ ഹെൽപ്പ് സെന്ററും ഫാർമേഴ്‌സ് ലൈബ്രറിയും പ്രവർത്തനം തുടങ്ങി. ഔഷധ സസ്യ കൃഷിയെ സംബന്ധിച്ച കർഷകർക്ക് ഉണ്ടാകുന്ന സംശയങ്ങൾക്ക് നേരിട്ടോ ഫോൺ മുഖാന്തരമോ സംശയനിവാരണം നടത്താനുള്ള സംവിധാനമാണ് കെ എഫ് ആർ ഐയിൽ സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഹെൽപ്പ് സെന്ററും ഫാർമേഴ്‌സ് ലൈബ്രറിയും ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യ മേഖലയിൽ കർഷകർക്ക് ഈ സംരംഭം വലിയ നേട്ടമുണ്ടാക്കുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ചീഫ് വിപ്പ് അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. ഹെൽപ്പ് സെന്ററുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സിഗ്നേച്ചർ മ്യൂസിക്കിന്റെ ഉദ്ഘാടനവും കർഷകർക്കുള്ള സബ്‌സിഡി വിതരണവും അദ്ദേഹം നിർവഹിച്ചു. സംസ്ഥാന ഔഷധ സസ്യ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ടി.കെ ഹൃദീക് പദ്ധതി അവതരണം നടത്തി. ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫസർ (ഡോ.) കെ.പി സുധീർ മുഖ്യാതിഥിയായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, കെ എഫ് ആർ ഐ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, സംസ്ഥാന ഔഷധ സസ്യ ബോർഡ് എക്‌സിക്യൂട്ടീവ് മെമ്പർമാരായ കെ ഗോവിന്ദൻ, ഡോ. പി സഞ്ജീവ് കുമാർ, ഡോ. ടി.എ സലിം, കെ എഫ് ആർ ഐ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ ശശിധരൻ, വാർഡ് മെമ്പർ രേഷ്മ സജീഷ്, ഔഷധസസ്യ ബോർഡ് മെമ്പർമാരായ പ്രിയ ദേവദത്ത്, ഡോ. എ. ഗംഗപ്രസാദ് ഡോ. ബി ആർ രഘുനാഥ്, ഡോ. എ വി രഘു എന്നിവർ പങ്കെടുത്തു. ഔഷധ സസ്യ കൃഷി സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ: 0487 2690333.