കച്ചിത്തോട് ഡാമിന്റെ നവീകരണത്തിന് 5 കോടി ഔദ്യോഗിക പ്രഖ്യാപനം മന്ത്രി നിര്‍വ്വഹിച്ചു

13
9 / 100

കച്ചിത്തോട് ഡാമിന്റെ നവീകരണ പ്രവര്‍ത്തനത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റത്തിന് മാറ്റം വരുന്നതും, കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നതുമാണ് പദ്ധതിയെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു. 18500 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.കച്ചിത്തോട് ഡാമും പരിസരവും ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാന്‍ കഴിയും, 80 ഏക്കറില്‍ കൃഷി സ്ഥലത്തേക്ക് കൂടി ജലസേചനം ചെയ്യുന്നതിന് സഹായകമാകുമെന്നും ചീഫ് വിപ്പ് കെ രാജന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കവേ പറഞ്ഞു. ഭരണാനുമതിയുടെ ഓര്‍ഡര്‍ ചീഫ് വിപ്പ് കെ രാജന്‍ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരമോഹനന് കൈമാറി. കച്ചിത്തോട് പ്രദേശം ഇക്കോ ടൂറിസത്തിന് വളരെയേറെ അനുയോജ്യമായ പ്രദേശമാണ്.

അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യല്‍,ചെക്ക് ഡാമിന്റെ ചോര്‍ച്ച തടഞ്ഞു ബലപ്പെടുത്തല്‍, ഡാമിന്റെ പുനരുജ്ജീവനവും പ്രധാന സന്ദര്‍ശക പോയിന്റ്കളുടെ നിര്‍മ്മാണവും തോടിന്റെ പാര്‍ശ്വഭിത്തി സംരക്ഷണം, റോഡ്, കഫറ്റേരിയ, ശുചിമുറി എന്നിവയുടെ നിര്‍മ്മാണവും സര്‍വ്വേ പ്രവൃത്തികളും ഉള്‍പ്പെടുന്നതാണ് പദ്ധതി.

അണക്കെട്ടിന്റെ മുകള്‍ ഭാഗത്തെ വശങ്ങളില്‍ കരിങ്കല്‍ കെട്ടി കൊണ്ട് ബലപ്പെടുത്തുന്നതിനും, ജിയോ ടെക്‌സറ്റൈ്ല്‍ ചെയ്തു ടാര്‍ഫിംഗ് ചെയ്യുന്നതിനും, നടപ്പാതകളില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി ആസ്വാധിക്കുന്നതിന് ഇരിപ്പിട സംവിധാനവും, ലൈറ്റുകളും, നിലവിലെ ചെക്ക് ഡാമിന്റെ ഫൂട്ട് സ്ലാബ് വീതി കൂട്ടി സഞ്ചാരം സുഗമമാക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനന്‍, വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, ജില്ല പഞ്ചായത്ത് മെമ്പര്‍ പി.എസ് വിനയന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ സുരേഷ്ബാബു, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിത്രി രാമചന്ദ്രന്‍, കെ .പി പ്രശാന്ത്, പുഷ്പ ചന്ദ്രന്‍,വാര്‍ഡ് മെമ്പര്‍ ജെയ്‌നി ജോര്‍ജ്ജ്, സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആര്‍ ബാജി ചന്ദ്രന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സിന.പി.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.