കരുവന്നൂരിന്റെ ‘ഇര’ ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ നിക്ഷേപ തുകയും നാളെ കൈമാറുമെന്ന് മന്ത്രി വി.എൻ വാസവൻ

51

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന്റെ മുഴുവൻ തുകയും നാളെ കൈമാറുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഫിലോമിനയുടെയും ഭർത്താവ് ദേവസിയുടെയും പേരിൽ 28.5 ലക്ഷത്തോളം തുക ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞയാഴ്ചയാണ് ഫിലോമിന മരിച്ചത്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിനൊപ്പം  ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നൽകിയിരുന്നെന്ന മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. വീട് സന്ദർശിച്ച് മന്ത്രി പിന്നീട് വിഷയം അനുനയിപ്പിച്ചുവെങ്കിലും നിക്ഷേപകർക്ക് തുക മടക്കി കിട്ടാത്തത് ഇടവേളക്ക് ശേഷം പ്രതിപക്ഷം ആയുധമാക്കി. ഒരു വർഷമായിട്ടും സർക്കാർ തലത്തിൽ ഇടപെടൽ ഇല്ലാത്തതും വിമർശനത്തിനിടയാക്കി. ഓണത്തിന് മുൻപ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം സിപിഎം തലത്തിലും ഉയർന്നത്തോടെയാണ് അടിയന്തര ഇടപെടൽ. ഫിലോമിനയുടെ കുടുംബത്തിന്റെ മുഴുവൻ തുകയും നാളെ കൊടുക്കുന്നതിനൊപ്പം കേരള ബാങ്കിൽ നിന്നും വികസന ക്ഷേമ നിധി ബോർഡിൽ നിന്നും അനുവദിക്കുന്ന 35 കോടിയിൽ അടിയന്തരാവശ്യമുള്ള നിക്ഷേപകരുടെ പണവും മടക്കി നൽകും. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്.

Advertisement
Advertisement