കലിപ്പോടെ കബാലി പാഞ്ഞടുത്തു; തിരിഞ്ഞു നോക്കാതെ അംബുജാക്ഷൻ പിന്നിലേക്ക് ഓടിയത് എട്ട് കിലോമീറ്റർ

56

ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് രക്ഷപെടാനായി ഡ്രൈവർ എട്ട് കിലോമീറ്റർ ബസ് പിന്നോട്ടോടിച്ചു. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അമ്പലപ്പാറ മുതൽ ആനക്കയം വരെ പിന്നോട്ട് ഓടിയത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കൊടുംവളവുകൾ ഉള്ള ഇടുങ്ങിയ വഴിയാണ് ചാലക്കുടി-വാൽപ്പാറ റൂട്ടിലേത്. ഇവിടെ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതിരുന്നതോടെയാണ് ബസ് പിന്നോട്ട് ഓടിക്കേണ്ടി വന്നത്. ഏകദേശം ഒരു മണിക്കൂറോളം സമയം ബസിനൊപ്പം ഒറ്റയാൻ നടന്നു വന്നു.

Advertisement


ഈ സമയം ബസിന് പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ വഴിമാറ്റി വിട്ടു. എട്ട് കിലോമീറ്ററോളം ദൂരം ബസിനൊപ്പം തന്നെ വന്ന കബാലി ആനക്കയം ഭാഗത്ത് എത്തിയപ്പോൾ കാട്ടിലേക്ക് തിരികെ കയറുകയായിരുന്നു. ബസിന്റെ ഡ്രൈവറായ അംബുജാക്ഷനാണ് അതിവിദഗ്ധമായി കാട്ടിലൂടെ ഇത്ര ദൂരം പിന്നോട്ട് ഓടിച്ചത്. അംബുജാക്ഷൻ കാട്ടിനുള്ളിലൂടെ ബസ് പിന്നോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.


ഒരു മാസമായി മദപ്പാട് കാണിച്ചു വന്നിരുന്ന ആനയാണ് കബാലി. ഏതാനും ദിവസങ്ങൾക്ക് മുൻപ് വനംവകുപ്പിന്റെ ജീപ്പ് ആന ആക്രമിച്ചിരുന്നു. അമ്പലപ്പാറ വൈദ്യുതി നിലയത്തിന് നേരെയും ആക്രമണമുണ്ടായി. രണ്ട് വർഷമായി ഇടയ്‌ക്കിടെ കബാലിയെ ഈ പാതയിൽ കാണാറുണ്ട്. മദപ്പാട് ഉള്ളത് കൊണ്ടാണ് അക്രമവാസന കാണിക്കുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Advertisement