കായലോരത്ത് ഉല്ലസിക്കാം; കോട്ടപ്പുറത്ത് കുട്ടികൾക്കായി മുസിരിസ് പാർക്ക്

16
5 / 100

കൊടുങ്ങല്ലൂർ നഗരസഭയിൽ കായലോരത്തെ കാറ്റേറ്റ് ഉല്ലസിക്കാൻ കുട്ടികൾക്കായി ഒരു പുതിയ പാർക്ക് കൂടി. മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടപ്പുറം മുസിരിസ് കായലോരത്താണ് കുട്ടികളുടെ ഉല്ലാസവേളകൾ ആനന്ദകരമാക്കാൻ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. കോട്ടപ്പുറം കായലോരത്ത് നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കോട്ടപ്പുറം മുസിരിസ് കായലോരത്തുള്ള നഗരസഭയുടെ സ്വന്തം സ്ഥലത്താണ് മുസിരിസ് പൈതൃക പദ്ധതിയുടെ സഹായത്തോട് കൂടി പാർക്ക് നിർമ്മിച്ചത്. 54 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാർക്ക് മുൻ നഗരസഭ ചെയർമാനും ഇപ്പോഴത്തെ വൈസ് ചെയർമാനുമായ കെ ആർ ജൈത്രന്റെ അഭ്യർത്ഥന പ്രകാരമാണ് മുസിരിസ് പൈതൃക പദ്ധതി അധികൃതർ ഏറ്റെടുത്ത് യാഥാർത്ഥ്യമാക്കിയത്. വൈകുന്നേരങ്ങൾ ചെലവഴിക്കാൻ കോട്ടപ്പുറം മുസിരിസ് കായലോരത്തും ആംഫി തിയേറ്ററിലും ദിനംപ്രതി നൂറ് കണക്കിന് കുടുംബങ്ങളാണ് എത്തിച്ചേരുന്നത്. എന്നാൽ കുടുംബങ്ങളോടൊപ്പം വരുന്ന കുട്ടികൾക്ക് കളിക്കാനും വിനോദത്തിനും നിലവിൽ മറ്റ് സംവിധാനങ്ങളില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഒരു ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ച് നൽകാൻ മുസിരിസ് പൈതൃക പദ്ധതി അധികൃതർ തീരുമാനിക്കുന്നത്.

നിലവിൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് കായലോരത്ത് വി കെ രാജൻ മെമ്മോറിയൽ പാർക്ക് എന്ന പേരിൽ കുട്ടികൾക്കായി ആധുനിക രീതിയിലുള്ള കളിയുപകരണങ്ങളോട് കൂടിയ പാർക്ക് കൊടുങ്ങല്ലൂർ നഗരസഭ ഈയടുത്ത് പുനർനവീകരിച്ചു കുട്ടികൾക്ക് തുറന്നു കൊടുത്തിരുന്നു. ഇതിന് പുറമെയാണ് കോട്ടപ്പുറത്ത് കുട്ടികൾക്കായി മറ്റൊരു പാർക്ക് കൂടി യാഥാർത്ഥ്യമായത്.

അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് ഡയറക്ടർ പി ബാല കിരൺ പദ്ധതി വിശദീകരിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ, വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ , മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു.