കിടപ്പ് രോഗികൾക്കും 60 വയസ് കഴിഞ്ഞവര്‍ക്കും ആദ്യ ഡോസ് വാക്സിൻ ഉറപ്പിച്ച് മാടക്കത്തറ

5

കിടപ്പ് രോഗികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി മാടക്കത്തറ പഞ്ചായത്ത്. വാക്സിനേഷൻ കൃത്യമായി പൂർത്തിയാക്കുന്ന ആദ്യ
ഗ്രാമപഞ്ചായത്താണ് മാടക്കത്തറ. മെഗാ വാക്സിനേഷൻ ക്യാമ്പ് ഉൾപ്പെടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. 250 പേർക്കാണ് വെള്ളിയാഴ്ച്ച ഒരു ദിവസം മാത്രം വാക്സിൻ നൽകിയത്. പൊങ്ങണംകാട്  സെന്റ് എലിസബത്ത് സ്കൂളിലാണ് വാക്സിനേഷൻ സംഘടിപ്പിച്ചത്.
ഓഗസ്റ്റ് 9 മുതല്‍ 31 വരെ സംസ്ഥാനത്ത് നടക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് മെഗവാക്സിനേഷൻ മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ഒരുക്കിയത്.
അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിൻ നൽകി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സിനേഷന്‍ ഓഗസ്റ്റ് 15നുള്ളിൽ നൽകുക എന്ന ലക്ഷ്യം പൂർത്തിയാക്കിയിരിക്കുകയാണ് മാടക്കത്തറ ഗ്രാമപഞ്ചായത്ത്. കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തിയാണ് വാക്സിന്‍ നല്‍കിയത്. ആശാവർക്കർമാർ, വാർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിലാണ്   മുൻഗണനാവിഭാഗങ്ങളെ തിരഞ്ഞെടുത്തത്. മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.കെ കെ രാഹുൽ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര എന്നിവരും വാക്സിനേഷന് നേതൃത്വം നൽകി.