ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആകെ വരുന്ന 39 പദ്ധതികളില്‍ കുടിവെള്ള പദ്ധതികള്‍ക്കും, ഭവനനിര്‍മ്മാണത്തിനും മുഖ്യപരിഗണന നല്കിയിട്ടാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാല് ഗ്രാമപഞ്ചായത്തുകളില്‍ എട്ട് കുടിവെള്ള പദ്ധതികള്‍ക്കായി 62,19,230 രൂപ വകയിരുത്തിയിട്ടുണ്ട്. ഭവന നിര്‍മ്മാണ മേഖലയില്‍ പിഎംഎവൈ പദ്ധതിയില്‍ 52 ലക്ഷം രൂപയും ലൈഫ് മിഷന് പദ്ധതിയില്‍ 35,07,000 രൂപയും ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഉല്‍പ്പാദന മേഖലയില്‍ നെല്‍കൃഷി കൂലിച്ചെലവ് സബ്സിഡിയായി 18 ലക്ഷം രൂപയും ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയായി 8,00,000 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. പാടശേഖര സമിതികള്‍ക്ക് സബ് മെര്‍ജ്ഡ് പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിനായി ജനറല്‍/എസ് സി വിഭാഗത്തിന് 23,50,000 രൂപ വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത സാമ്പത്തിക വര്‍ഷം വിവിധ പ്രവൃത്തികള്‍ ചെയ്യുന്നതിന് 7,05,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് 8,70,000 രൂപയും മരുന്ന് വാങ്ങുന്നതിന് 4,00,000 രൂപയും ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും വേദനത്തിനായി 5,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. 11,03,13,537 രൂപ പ്രതീക്ഷിത വരവും, 10,75,73,300 രൂപ പ്രതീക്ഷിത ചെലവും 27,40,237 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് യോഗം അംഗീകരിച്ചു.
ബഡ്ജറ്റ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിതാ മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് പി ടി കിഷോര്‍, മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു