കുതിരാൻ തുരങ്ക നിർമ്മാണം: ട്രയൽ റൺ വിജയകരം

35

മണ്ണുത്തി – വാളയാർ ദേശീയപാത 544 ൽ കുതിരാൻ രണ്ടാം തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ട്രയൽ റൺ വിജയകരം.

0d6e543c 7cd7 4f0c b7f1 7c1e8f5b749c

കുതിരാനിലെ ഒന്നാം തുരങ്കത്തിലൂടെ തന്നെ പാലക്കാട് ഭാഗത്തേയ്ക്കും തൃശൂർ ഭാഗത്തേയ്ക്കുമുള്ള വാഹന ഗതാഗതം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ട്രയൽ റൺ നടത്തിയത്. രണ്ടാം തുരങ്കത്തിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിനായി നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന പാത പൊളിച്ചു നീക്കേണ്ടതുകൊണ്ടാണ് ഒരു തുരങ്കത്തിലൂടെ തന്നെ ഇരു ഭാഗത്തേയ്ക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്.

7999435d 01d0 4c2b 9aef 07c68fab8397

വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി വഴുക്കുംപാറ മുതൽ റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ച് ഇരുഭാഗത്തേക്കും ഗതാഗതം പ്രായോഗികമാക്കി. ഈ ഭാഗത്ത് കൂടെ പോകുന്ന
വാഹനങ്ങളുടെ വേഗ നിയന്ത്രണം കർശനമാക്കും. ഇതിനായി ആവശ്യമുള്ള സ്ഥലങ്ങളിൽ ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ രാത്രികാലങ്ങളിൽ വെളിച്ചം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഡിവൈഡറുകൾ, ട്രാഫിക് സിഗ്നൽ ബോർഡുകൾ എന്നിവ സ്ഥാപിച്ചു.
തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങൾ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ല.

70ed39fc e8d9 418c 9581 74044fc9eb22


വാഹനങ്ങൾ തുരങ്കപാതയിലേക്ക് പ്രവേശിക്കും മുമ്പ് മതിയായ ഇന്ധനം ഉറപ്പുവരുത്തണം. കുതിരാൻ നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം സജ്ജമാണ്. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും. ഏതെങ്കിലും തരത്തിൽ തുരങ്കത്തിനകത്ത് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അപകടം മൂലമോ, യന്ത്രത്തകരാർ മൂലമോ സഞ്ചരിക്കാൻ കഴിയാതെ വന്നാൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതായിരിക്കും.
നിർമ്മാണ മേഖലയിൽ പാറപൊട്ടിക്കൽ നടക്കുന്ന സമയത്ത് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും. ട്രയൽ റൺ വിജയകരമായി പൂർത്തിയായതോടെ രണ്ടാം തുരങ്കത്തിലേക്കുള്ള നിലവിലുള്ള റോഡ് പൊളിച്ച് പുതിയ റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

എസിപി കെ.സി സേതു, പീച്ചി സിഐ എസ്.ഷുക്കൂർ, കരാർ കമ്പനി പിആർഒ അജിത് പ്രസാദ് തുടങ്ങിയവർ ട്രയൽ റൺ നടപടികൾക്ക് നേതൃത്വം നൽകി.