കേരളത്തിന്റെ ഉയർന്ന രോഗാതുരത ഒരു സാമൂഹികപ്രശ്നമെന്ന് ഡോ.വി.രാമൻകുട്ടി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി

62

കേരളത്തിന്റെ ഉയർന്ന രോഗാതുരത ഒരു സാമൂഹിക പ്രശ്നമായി കണ്ട് സർക്കാർ ഇടപെടൽ വേണമെന്ന് വിഖ്യാത ആരോഗ്യധനശാസ്ത്രജ്ഞൻ ഡോ.വി.രാമൻകുട്ടി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാസമ്മേളനം ശ്രീകേരളവർമ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതശൈലി, മരുന്നുകളോടുള്ള അമിതമായ ആഭിമുഖ്യം, സാമ്പത്തിക പരിമിതി തുടങ്ങിയവയെല്ലാം രോഗാതുരത വർധിക്കുന്നതിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമഗ്രമായ ക്ഷയരോഗ ചികിത്സാപദ്ധതികൾ പലപ്പോഴും ഫലപ്രദമാകാത്തതിന് കാരണം രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരത്തിന്റെ അഭാവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശവാസികൾ , ദളിതർ, ഗോത്രവർഗ്ഗക്കാർ എന്നിവയുടെ ദയനീയമായ ജീവിതാവസ്ഥകളെ കൃത്യമായി അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നും അവ പരിഹരിക്കാനാവശ്യമായ സർക്കാർ ഇടപെടലുകൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷനായി.
പ്രഫ.എം. ഹരിദാസ് , ശശികുമാർ പള്ളിയിൽ , നിരഞ്ജന മനോജ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ.കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഒ.എൻ അജിത് കുമാർ റിപ്പോർട്ടും ട്രഷറർ എ.ബി മുഹമ്മദ് സഗീർ വരവു ചെലവ് കണക്കും ഇന്റേണൽ ഓഡിറ്റർ മുഹമ്മദ് റാഫി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. 17 മേഖലാപ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പരിഷത്ത് സംസ്ഥാനകമ്മിറ്റി അംഗം കെ.പി.രവിപ്രകാശ് സംഘടനാരേഖ അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്ചയും തുടരും.

Advertisement
Advertisement