കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പുതിയ ലേഡീസ് ഹോസ്റ്റല്‍

11
4 / 100

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ക്യാമ്പസില്‍ നിര്‍മ്മിച്ച പുതിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സര്‍വകലാശാല സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ അധ്യക്ഷത വഹിച്ചു. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ 445 ലക്ഷം രൂപ ധനസഹായത്തോടെയാണ് പുതിയ ലേഡീസ് ഹോസ്റ്റല്‍ നിര്‍മിച്ചത്. മൂന്നു നിലകളിലായി ഏകദേശം 25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റലിന് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തില്‍ 39 മുറികളില്‍ നൂറില്‍പരം വിദ്യാര്‍ത്ഥിനികള്‍ക്കാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച സര്‍വകലാശാല ഫിസിക്കല്‍ പ്ലാന്റ് ഡയറക്ടര്‍മാരായ ഡോ വി ആര്‍ രാമചന്ദ്രന്‍, ഡോ കെ വിദ്യാസാഗരന്‍ എന്നിവരെയും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച എന്‍ജിനീയര്‍മാരായ മുഹമ്മദ് ഇര്‍ഷാദ്, കെ വി സുനില്‍കുമാര്‍ എന്നിവരെയും ചടങ്ങില്‍ ചീഫ് വിപ്പ് ആദരിച്ചു.

കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ആര്‍ ചന്ദ്രബാബു, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ പി ജയചന്ദ്രന്‍, കെ എ യു രജിസ്ട്രാര്‍ ഡോ സക്കീര്‍ ഹുസൈന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സര്‍വകലാശാല ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.