കേരള ടൂറിസം കൈവരിച്ചത് അമ്പത് വർഷക്കാലത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക വളർച്ച: മന്ത്രി കടകംപള്ളി സുരേന്ദ്രൻ:കുരുംബ കാവിൽ അക്കോമഡേഷൻ ബ്ലോക്കിൻ്റെ നിർമ്മാണം തുടങ്ങി

12
4 / 100

കോവിഡിന് മുമ്പുള്ള 2019 ലെ രണ്ടാം പാദുകത്തിൽ കേരളടൂറിസം കൈവരിച്ചത്
അമ്പത് വർഷക്കാലത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ശ്രീ കുരുംബ കാവിൽ നിർമ്മിക്കുന്ന അക്കോമഡേഷൻ ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളിൽ തളരാതെ കൃത്യമായ ഇടപെടലുകളിലൂടെ സർക്കാർ ജീവനക്കാരുടെയും സ്വകാര്യ സംരംഭകരുടെയും ടൂറിസം തൊഴിലാളികളുടെയും കൈകോർത്ത പ്രവർത്തനങ്ങൾ മൂലമാണ് ഇതു സാധ്യമായത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ നിരവധി പ്രതിസന്ധികളിൽ തളരാതെ ടൂറിസം വികസന പദ്ധതികളെ പൂർണ്ണതയിലെത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ഇതുവഴി ടൂറിസം മേഖലയിൽ ഒരു സുവർണ്ണകാലം സൃഷ്ടിച്ചു. പ്രതിസന്ധികളിൽ പിന്നോട്ട് പോകാതെ വികസന പദ്ധതികൾക്ക് പ്രാധാന്യം നൽകി മുന്നോട്ടുപോകാൻ സർക്കാരിനും ടൂറിസം വകുപ്പിനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ കാവിൽ നിർമാണം പുരോഗമിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയത്തോടൊപ്പമാണ് അക്കോമഡേഷൻ ബ്ലോക്ക് ഉയരുന്നത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രാവശ്യങ്ങൾക്കായി ഉയരുന്ന കെട്ടിട സമുച്ചയത്തിന് 1.88 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചേരിപ്പുരയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയമായി മാറുന്നത്. അക്കോമഡേഷൻ ബ്ലോക്ക് പൂർത്തിയാകുന്നതോടു കൂടി ക്ഷേത്ര മ്യൂസിയത്തിന്റെ പ്രവർത്തനം ആരംഭിക്കും. കച്ചേരിപ്പുര വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുസിരിസ് പൈതൃക പദ്ധതിയുമായി ഏർപ്പെട്ട കരാറിൽ ദേവസ്വം ബോർഡിന് മറ്റൊരു കെട്ടിട സമുച്ചയം നിർമിച്ചു നൽകാമെന്ന് പദ്ധതി അധികൃതർ ഏറ്റിരുന്നു. ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സ്ഥലത്ത് മീറ്റിങ് ഹാളുകൾ, താമസ സൗകര്യം, ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി, സ്റ്റോർ മുറി, സ്ട്രോങ് റൂം തുടങ്ങി വിവിധ ആവശ്യങ്ങൾക്കുപയോഗിക്കാവുന്ന കെട്ടിടമാണ് ക്ഷേത്രപരിസരത്ത് നിർമിക്കുന്നത്.

ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി നന്ദകുമാർ എന്നിവർ മുഖ്യാതിഥികളായി. ടൂറിസം വകുപ്പ് സെക്രട്ടറി പി ബാലകിരൺ പദ്ധതി വിശദീകരിച്ചു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ, വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, വാർഡ് കൗൺസിലർ സുമേഷ് സി എസ്, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ വി കെ അയ്യപ്പൻ, എം ജി നാരായണൻ, സ്പെഷ്യൽ ദേവസ്വം കമ്മീഷണർ എൻ ജ്യോതി, സെക്രട്ടറി വി എ ശ്രീജ, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ മനോജ്, ദേവസ്വം ബോർഡ് തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ കെ സുനിൽകുമാർ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് എന്നിവർ പങ്കെടുത്തു.