കൈയ്യേറ്റ ശ്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ രാജു: ചേറ്റുവ – പെരിങ്ങാട് കണ്ടല്‍ പ്രദേശം റിസ്സര്‍വ്വ് വനമായി പ്രഖ്യാപിച്ചു

5
4 / 100

ചേറ്റുവ – പെരിങ്ങാട് കണ്ടല്‍ പ്രദേശം വനം വകുപ്പ് നിയമത്തിന്റെ സെക്ഷന്‍ നാല് പ്രകാരം റിസ്സര്‍വ് വനമായി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഓണ്‍ലൈനായി പ്രഖ്യാപനം നടത്തി. നിരന്തരമായ കൈയ്യേറ്റ ശ്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഈ പ്രദേശത്തെ കണ്ടല്‍ റിസര്‍വ്വായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നതെന്ന് വനം മന്ത്രി പറഞ്ഞു.

വെണ്മനാട് കൂരിക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ മുഖ്യാതിഥിയായി. ചാവക്കാട് താലൂക്കില്‍ പാവറട്ടി പഞ്ചായത്ത് പരിധിയില്‍ വരുന്ന 234.18 ഏക്കര്‍ റവന്യൂ ഭൂമിയാണ് കണ്ടല്‍ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന്റെ ഭാഗമായി റിസര്‍വ് വനമായി പ്രഖ്യാപിച്ചത്. 250ലേറെ ഇനം പക്ഷികള്‍ കാണപ്പെടുന്ന ഇവിടം ജൈവവൈവിധ്യ സമ്പുഷ്ടവുമാണ്.

ചാവക്കാട് ചേറ്റുവ കടലോര മേഖലകളുമായി അധികം ദൂരം വ്യത്യാസമില്ലാതെ സ്ഥിതിചെയ്യുന്ന പെരിങ്ങാട് പുഴയും തണ്ണീര്‍ത്തടവും ഈ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി വഴി കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിനൊപ്പം തദ്ദേശവാസികള്‍ക്ക് കൂടുതല്‍ ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുവാനും സന്ദര്‍ശകരില്‍ പരിസ്ഥിതി വിജ്ഞാനം വളര്‍ത്തുവാനും സാധിക്കും. കൂടാതെ കണ്ടല്‍ക്കാട് വനത്തിന്റെ സംരക്ഷണത്തിലൂടെ മഹാപ്രളയം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളെ തീരദേശ മേഖലയ്ക്ക് തടഞ്ഞ് നിര്‍ത്തുന്നതിനും ഏറെ സഹായകരമാകും.

നശിപ്പിക്കപ്പെട്ട ഭാഗങ്ങളില്‍ കണ്ടലുകള്‍ നട്ടുപിടിപ്പിക്കുന്നതിനും തദ്ദേശീയ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഇക്കോ-ടൂറിസത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനുമാണ് 94.7 ഹെക്ടര്‍ വരുന്ന റവന്യു ഭൂപ്രദേശം കണ്ടല്‍ റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സെന്‍ട്രല്‍ സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഖ്യാതി മാത്തൂസ് ഐഎഫ്എസ് പദ്ധതി അവതരണം നടത്തി. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി സി ഷാസിബാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കടപ്പുറം ഡിവിഷന്‍ മുഹമ്മദ് ഗസാലി, പാവര്‍ട്ടി പഞ്ചായത്ത് മെമ്പര്‍മാരായ എം ടി മണികണ്ഠന്‍, ഹബീബ് പി ഇബ്രാഹിം, സോഷ്യല്‍ ഫോറസ്ട്രി എപിസിസിഎഫ് ഇ പ്രദീപ്കുമാര്‍ ഐഎഫ്എസ്, എസിഎഫ് പി എം പ്രഭു എന്നിവര്‍ പങ്കെടുത്തു.