കൊച്ചിൻ ദേവസ്വം ബോർഡിന് ത്രിസപ്തതി: ആഘോഷം ആറിന് തൃശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും;
ഇന്ന് പതാകദിനം

30

കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകരിച്ചിട്ട് 73 വർഷം. ആഘോഷ പരിപാടികൾക്ക് തിങ്കളാഴ്ച പതാക ദിനമായി ആചരിക്കും. ആറ് വരെ വിവിധ പരിപാടികളും ആഘോഷത്തിൻറെ ഭാഗമായി നടക്കും. ഓഗസ്റ്റ് 1ന് രാവിലെ 10:15 ന് പതാകദിനമായി ആചരിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലും അസിസ്റ്റന്റ് ഓഫീസുകളിലും ദേവസ്വം ഓഫീസിലും കൊച്ചിൻ ദേവസ്വം ഓഫീസുകളിലും കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക പതാക ഉയർത്തും. രണ്ടിന് രാവിലെ ഒമ്പതിന് മണിക്ക് തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ ദീപപ്രോജ്ജ്വലനവും തുടർന്ന് കൊച്ചി രാജകുടുംബത്തിലെ മൃണാളിനി തമ്പുരാനെ (വല്ല്യമ്മ തമ്പുരാൻ) ആദരിക്കും. അന്ന് രാവിലെ 11ന് ചോറ്റാനിക്കര ക്ഷേത്രത്തിൽ കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനവും വൈകീട്ട് അഞ്ചിന് എറണാകുളം ശിവക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ വച്ച് ‘ഇന്ത്യൻ ഭരണഘടനയും ദേവസ്വം നിയമങ്ങളും’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. ബുധനാഴ്ച രാവിലെ 11ന് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ‘ക്ഷേത്രാരാധനയും താന്ത്രികവിധികളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. നാലിന് കാലത്ത് 11ന് ചിറ്റൂർ സംസ്കൃത പാഠശാ ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും യൂണിഫോം വിതരണവും മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. അഞ്ചിന് വൈകീട്ട് അഞ്ചിന് ത്രിസപ്തതി വിളംബരം ശ്രീ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ ആറ് കേന്ദ്രങ്ങളിൽ വച്ച് പഞ്ചവാദ്യം, മേളം, നാദസ്വര കച്ചേരി, മദ്ദളകേളി, കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവയോടുകൂടി നടക്കും. ത്രിസപ്തതിയുടെ ഭാഗമായി ബോർഡിന്റെ കീഴിലുള്ള ഒരു ക്ഷേത്രം ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തിൽ നവീകരിക്കും.  ഒരു വർഷം നിണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളും ആഘോഷത്തിലുണ്ട്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ആറിന് രാവിലെ 10ന് തൃശൂർ കൗസ്തുഭം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ അധ്യക്ഷത വഹിക്കും. ഡയാലിസിസ് യൂണിറ്റിൻറെ നിർമാണോദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും തന്ത്രവിദ്യാപീഠത്തിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജനും വാദ്യകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദുവും നിർവഹിക്കും. തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ്, ടി.എൻ പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ ആദരിക്കും.

Advertisement
Advertisement