കൊടുങ്ങല്ലൂരിൽ ലോകകപ്പ് ആരവത്തിന് ‘ഹരിതാരവ’ത്തിൻ്റെ കരുതൽ

3

ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമൊപ്പം പ്രകൃതിയെക്കൂടി കരുതാൻ ഹരിതാരവം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കൊടുങ്ങല്ലൂർ നഗരസഭ. ആഘോഷങ്ങളിൽ പ്രകൃതിയെകൂടി കരുതണം എന്ന അഭ്യർത്ഥനയുമായി “മത്സരങ്ങൾ വിജയിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ” എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുകയാണ് നഗരസഭ.

Advertisement

ഹരിതാരവം പ്രചാരണ പരിപാടിയുടെ ഭാഗമായി കട്ടൗട്ടുകൾ വെക്കുമ്പോൾ പിവിസി ഫ്ലക്സിന് പകരം പ്രകൃതി സൗഹൃദ പ്രചരണ രീതികൾ അവലംബിക്കണം. കോട്ടൺ തുണി, പേപ്പർ അധിഷ്ഠിത പ്രിന്റിംഗ് രീതികൾ എന്നിവ ഉപയോഗിക്കണം. പ്രിൻറ് ചെയ്ത് പ്രദർശിപ്പിക്കുന്ന ബാനറുകൾ ബോർഡുകൾ എന്നിവയിൽ അവയുടെ ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിൻറ് ചെയ്ത സ്ഥാപനത്തിന്റെ പേരും നിർബന്ധമായും ഉണ്ടാകണം. പ്രചരണ ഉപാധികൾ ഏഴു ദിവസത്തിനുള്ളിൽ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണം. പുന:ചംക്രമണത്തിനായി പ്രിൻറ് ചെയ്ത സ്ഥാപനത്തിനോ ഹരിത കർമ്മ സേനയ്ക്കോ കൈമാറണം.

നിരോധിത പ്രചരണ വസ്തുക്കൾ ഉപയോഗിച്ചാൽ നഗരസഭ പിഴ ഈടാക്കും. പദ്ധതി നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, ഹരിത കർമ്മ സേന അംഗങ്ങൾ,മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Advertisement