കോവിഡ് പശ്ചാത്തലത്തിൽ നിന്ന് വിദ്യാഭ്യാസമേഖല തിരിച്ചുവരുന്നു – ചീഫ് വിപ്പ് ഡോ എൻ ജയരാജൻ

3

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ നിന്ന് വിദ്യാഭ്യാസമേഖല തിരിച്ചുവരുമ്പോൾ അത് സന്തോഷത്തിൻ്റെയും മാറ്റങ്ങളുടെയും വേദി കൂടിയാണെന്ന് ചീഫ് വിപ്പ് ഡോ എൻ ജയരാജൻ.
കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമിതിയായ അക്ഷരകൈരളിയുടെ നേതൃത്വത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന അക്ഷര കൈരളി അനുമോദന സദസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ചീഫ് വിപ്പ്. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ ഓരോ വിദ്യാലയത്തിന്റെയും അക്കാദമിക്, ഭൗതിക സൗകര്യങ്ങളെ മെച്ചപ്പെടുത്തി കാലത്തിനനുസരിച്ച് സഞ്ചരിക്കുവാൻ സാധ്യമാക്കിയത് വലിയ നേട്ടമാണ്. വിദ്യാർത്ഥികൾ പരീക്ഷകളിലൂടെയുള്ള വിജയം മാത്രമല്ല ജീവിതത്തിലും സമൂഹത്തിലും എങ്ങനെ പെരുമാറേണ്ടതുണ്ട് എന്ന് കൂടി ചിന്തിക്കണം. സമൂഹത്തിന് എന്ത് തിരിച്ച് നൽകുവാൻ സാധിക്കുമെന്ന് മനസ്സിലാക്കണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് വേണ്ടി സംസ്ഥാന സർക്കാർ പ്രവർത്തിക്കുമ്പോൾ വിദ്യാർഥികൾ തിരിച്ച് നൽകേണ്ടത് മികച്ച വിജയങ്ങളാണെന്നും ചീഫ് വിപ്പ് കൂട്ടിച്ചേർത്തു.

Advertisement

കയ്പമംഗലം നിയോജകമണ്ഡലത്തിലെ 78 വിദ്യാലയങ്ങളെ ഏകീകരിച്ചു കൊണ്ട് വിദ്യാഭ്യാസ യജ്ഞം കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷരകൈരളിയുടെ അനുമോദന സദസ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 500 വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച 8 വിദ്യാലയങ്ങളെയുമാണ് ചീഫ് വിപ്പ് ഡോ എൻ ജയരാജൻ ആദരിച്ചത്.
വിദ്യാഭ്യാസത്തിൽ മാത്രമല്ല പൊതുസമൂഹത്തിലും വ്യക്തിജീവിതത്തിലും നല്ല മാതൃകയാകുവാൻ സാധിക്കണമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചുകൊണ്ട് ഇ ടി മാസ്റ്റർ എം എൽ എ പറഞ്ഞു. കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത് മോഹൻദാസ്, എ ഇ ഒ ബീനാ ജോസ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, അക്ഷരകൈരളി കോഡിനേറ്റർ ടി എസ് സജീവൻ, ടി എം പ്രസീന, കെ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

Advertisement