കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് കരുതല്‍ ധനസഹായവുമായി ചാവക്കാട് നഗരസഭ

4

കോവിഡ് രോഗവ്യാപനം നാടാകെ പടര്‍ന്നു പിടിക്കുകയും രോഗം മൂലം ആളുകള്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കരുതലുമായി ചാവക്കാട് നഗരസഭയുടെ ധനസഹായം. ചാവക്കാട് നഗരസഭയിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും കുടുംബത്തിലെ വരുമാനദായകരുമായിട്ടുള്ള കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ചെയര്‍മാന്‍സ് റിലീഫ്ഫണ്ടില്‍നിന്ന് പതിനായിരം രൂപ വീതം ധനസഹായം വിതരണം ചെയ്തു. എന്‍ കെ അക്ബര്‍ എംഎല്‍എയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തത്.

ആറ് കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ചെയര്‍മാന്‍സ് റിലീഫ് ഫണ്ട് മുഖേന ധനസഹായം നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മരണ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആശ്രിതര്‍ക്ക് പതിനായിരം രൂപ വീതം ധനസഹായം അനുവദിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

ധനസഹായത്തിനായികൂടുതല്‍ അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍സ് റിലീഫ് ഫണ്ടിലേക്ക് തങ്ങളാലാവും വിധം ആളുകള്‍ ധനസഹായം നല്‍കണമെന്ന് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ചടങ്ങില്‍ അഭ്യര്‍ത്ഥിച്ചു. മുന്‍പും ചാവക്കാട് നഗരസഭയുടെ ചെയര്‍മാന്‍സ് റിലീഫ് ഫണ്ടില്‍നിന്നും അത്യാഹിതങ്ങള്‍ക്കും മാറാരോഗങ്ങളും ധനസഹായം നല്‍കിയിരുന്നു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പ്രസന്ന രണദിവെ, എ വി മുഹമ്മദ് അന്‍വര്‍, ബുഷറ ലത്തീഫ് കൗണ്‍സിലര്‍മാരായ എം ആര്‍ രാധാകൃഷ്ണന്‍, ഫൈസല്‍ കാനാംമ്പുള്ളി, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.