കോവിഡ്: ഭർത്താവിന് പിന്നാലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഭാര്യയും മരിച്ചു; സർക്കാർ സംവിധാനങ്ങളുടെ പരാജയമെന്ന് ബി.ജെ.പി

4

കുന്നംകുളം ചൊവ്വന്നൂരിൽ കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ രോഗിയായ ഭാര്യയും മരിച്ചു. പഞ്ചായത്ത്‌ രണ്ടാം വാർഡിൽ കോവിഡ്‌ രോഗികളായ ദമ്പതികൾക്ക്‌ ദാരുണമായ അന്ത്യം സംഭവിച്ചത് ഉത്തരവാദിത്വപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ പരാജയം മൂലമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ആരോപിച്ചു.
കോവിഡ്‌ രോഗിയായ ഭർത്താവ് ചീരൻ വീട്ടിൽ ജോബി(54) വീടിനകത്ത്‌ നിന്ന് മരിച്ച നിലയിലും ഭാര്യ വിനിയെ (48) സമീപത്ത്‌ നിന്ന് അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്. അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭാര്യ വിനിയും (48) മരിച്ചു. രണ്ട് കോവിഡ് രോഗികൾ കഴിഞ്ഞിരുന്ന വീട്ടിലേക്ക് വാർഡ്‌ മെമ്പറോ ആശാ വർക്കറോ ഹെൽത്ത് വിഭാഗമോത്, ആർ.ആർ.ടി മെംബർമാരോ മറ്റ് ഉത്തരവാദിത്വപ്പെട്ട ഭരണകർത്താക്കളോ തിരിഞ്ഞ് നോക്കിയില്ലെന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് ബി.ജെ.പി ആരോപിച്ചു. ജോബിയുടെ മൃതദേഹത്തിന്‌ ഒരു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ഒരു കോവിഡ്‌ രോഗി മരിച്ച്‌ വീട്ടിൽ കിടന്നിട്ടും അയാളുടെ കോവിഡ്‌ രോഗിയായ ഭാര്യ മൃതദേഹത്തിനരികിൽ അബോധാവസ്ഥയിലായിട്ടും അതറിയാൻ വാർഡ്‌ ജനപ്രതിനിധിക്കോ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിനോ സാധിച്ചില്ലെന്ന് മാത്രമല്ല മരണകാരണമായ ഗുരുതരാവസ്ഥയിൽ ആയിരുന്നു ദമ്പതികളെ ഡൊമിസിലറി കെയർ സെന്ററിലേക്കോ ഫസ്റ്റ്‌ ലൈൻ സെന്ററിലേക്കോ മാറ്റുവാനോ വീട്ടിൽ തന്നെ ചികിത്സ നൽകാനോ ഒന്നും പഞ്ചായത്തിന്റെ ഭരണ വിഭാഗം ഒരു ശ്രമവും നടത്തിയിരുന്നില്ല എന്ന് വ്യക്തമാണ്. മരിച്ച കോവിഡ്‌ രോഗികളായ ദമ്പതികൾക്ക്‌ വിശപ്പടക്കാൻ ആഹാരം പോലും ലഭിച്ചിരുന്നില്ല എന്നാണ് അറിയുന്നത്. കോവിഡ് ബാധിതർക്ക് നിയമപ്രകാരം ലഭ്യമാക്കേണ്ട കരുതൽ ഇവിടെ അധികാരികളിൽ നിന്ന് ഉണ്ടായിട്ടില്ല. ഇത്രയും ദാരുണമായ അന്ത്യം നടന്നത് യു .പിയിലോ ബിഹാറിലോ ആയിരുന്നെങ്കിൽ കേരളത്തിലത് വലിയ ചർച്ചയാകുമായിരുന്നു.
ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയ്ക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ പാടെ പാളിയിരിക്കുന്നു എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ചൊവ്വന്നൂർ സംഭവമെന്നും അഡ്വ കെ.കെ അനീഷ്കുമാർ പ്രസ്താവനയിൽ പറഞ്ഞു.