കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം:​ സീറ്റുകൾ പിടിച്ചെടുക്കാനുള്ള കോൺഗ്രസ്​ നീക്കം മുന്നണി മര്യാദകളുടെ ലംഘനമെന്ന് തൃശൂർ ജില്ലാ കമ്മിറ്റി, ഇരിങ്ങാലക്കുടയിൽ അവതരിപ്പിച്ച പ്രമേയത്തിനെതിരെ അതൃപ്തി

15
6 / 100

കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. സംസ്​ഥാനതലത്തിൽ കേരള കോൺഗ്രസ്​ പാർട്ടിയുടെ നിലവിലുള്ള സീറ്റുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും, പാർട്ടിക്കെതിരെ ചില നിയോജകമണ്ഡലങ്ങളിൽ പ്രമേയം പാസാക്കുകയും ചെയ്യുന്ന കോൺഗ്രസ്​ നേതൃത്വത്തിൻ്റെ നീക്കം മുന്നണി മര്യാദയുടെ ലംഘനമാണെന്നും യു.ഡി.എഫിൻ്റെ തിളക്കമാർന്ന വിജയത്തിന് ഇത്തരം നീക്കങ്ങൾ മങ്ങലേൽപ്പിക്കുമെന്നും കേരള കോൺഗ്രസ്​ എം (പി.ജെ. ജോസഫ്) ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ഇത്തരം നീക്കങ്ങൾക്കെതിരെ ശകതമായി പ്രതികരിക്കാൻ കേരള കോൺഗ്രസ്​ പാർട്ടി മുന്നോട്ട് വരുമെന്ന് കേരള കോൺഗ്രസ് തൃശൂർ​ ജില്ലാ പ്രസിഡണ്ട് സി.വി. കുരിയാക്കോസ്​ പറഞ്ഞു. തൃശൂർ ജില്ലയിൽ കാലങ്ങളായി കേരള കോൺഗ്രസ് മൽസരിച്ചിരുന്ന ഇരിങ്ങാലക്കുട മണ്ഡലം ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇവിടെ രണ്ട് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരള കോൺഗ്രസിൻറെ പരസ്യ പ്രതികരണം. തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ്​ പ്രസിഡണ്ട് ജോൺസൺ കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്​ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ തോമസ്​ ആൻ്റണി, ഇട്ട്യേച്ചൻ തരകൻ, എൻ.ജെ. ലിയോ, കെ.കെ. വിദ്യാധരൻ, ജോണി ചിറ്റിലപ്പിള്ളി, തോമസ്​ ചിറമ്മൽ, സി.ജെ. വിൻസെൻ്റ്, എം.വി. ജോൺ മാസ്റ്റർ, ജോൺസൺ ചുങ്കത്ത്, പ്രസാദ് പുലിക്കോട്ടിൽ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ. ജ്യോതി ടീച്ചർ, ഇരിങ്ങാലക്കുട മുനിസിപ്പൽ വൈസ്​ ചെയർമാൻ പി.ടി. ജോർജ്ജ്, ബ്ലോക്ക് മെമ്പർ മിനി ലിയോ, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, പഞ്ചായത്ത് മെമ്പർമാരായ സുബ്രണ്യൻ, ചാവക്കാട് മുനിസിപ്പൽ കൗൺസിലർ ജോയ്സി ആൻ്റണി, കൈപ്പറമ്പ് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിൻ്റി ഷിജു, നേതാക്കളായ ടി.പി. സന്തോഷ്, വിനോദ് പൂങ്കുന്നം, കേരള വനിത കോൺഗ്രസ്​ നേതാക്കളായ ഹണി ലാസ്​, ലിജി വർഗ്ഗീസ്​ എന്നിവർ സംസാരിച്ചു.