കോൺഗ്രസിൽ കരുവന്നൂർ കലാപം: ഡി.സി.സി വൈസ് പ്രസിഡണ്ടിന്റെ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ച് ഐ.എൻ.ടി.യു സിയുടെ പ്രതിഷേധം

62

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചേരി തിരിഞ്ഞ കോൺഗ്രസിൽ പോര് മൂക്കുന്നു. ബാങ്ക് തട്ടിപ്പിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനെ പരസ്യമായി തള്ളിപ്പറഞ്ഞ ഡി.സി.സി ൈവസ് പ്രസിഡണ്ട് എം.എസ് അനിൽകുമാറിന്റെ പോസ്റ്ററിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. ഇരിങ്ങാലക്കുടയിൽ കരുവന്നൂരിലെ ഐ.എൻ.ടി.യു.സി പ്രവർത്തകരാണ് പ്രതിഷേധവുമായി അനിൽകുമാറിന്റെ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരം പ്രഹസനമാണെന്നും ബി.ജെ.പിക്ക് അവസരമൊരുക്കുന്നതാണെന്നുമായിരുന്നു അനിൽകുമാറിന്റെ പരസ്യ പ്രതികരണം. സി.പി.എം ഭരിക്കുന്ന ബാങ്കിൽ നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് കേട്ട് കേരളം ഞെട്ടിയ സംഭവമായിട്ടും, ബാങ്ക് പരിധി ഉൾപ്പെടുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡല പരിധിയിലെ നേതാക്കളും പ്രവർത്തകരും പ്രതിഷേധ പരിപാടികൾക്ക് ഇറങ്ങിയിരുന്നില്ല. ഡി.സി.സി നേരിട്ടുള്ള നിർദേശത്തെ തുടർന്ന് ഒരു വിഭാഗം മാത്രമേ അപ്പോഴും പേരിനെങ്കിലും പ്രതിഷേധത്തിനിറങ്ങിയുള്ളൂ. ഇരിങ്ങാലക്കുടയിലെ മുതിർന്ന നേതാക്കളും കെ.പി.സി.സി സെക്രട്ടറിയടക്കമുള്ളവർ സമര ഭാഗത്തേക്ക് വന്നിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പരസ്യ പ്രതികരണവും. അനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം കെ.പി.സി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ തന്നെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഇതിനിടയിലാണ് അനിൽകുമാറിന്റെ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചുള്ള പ്രതിഷേധം.