കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് വി.കെ.ശ്രീകണ്ഠൻ എം.പി: എം.എസ് അനിൽകുമാറിന്റെ രാഷ്ട്രീയ ഭാവി തകർത്തവർ ഇന്നും കോൺഗ്രസ് നേതൃസ്ഥാനത്തുണ്ട്, തന്നെ പരിഹസിച്ച് തഴഞ്ഞു, ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും വി.കെ.ശ്രീകണ്ഠൻ; കൊച്ചനിയൻ കൊലക്കേസ് വിഷയമായി അനിൽകുമാറിൻറെ ’സത്യാന്തരം പ്രകാശിതമായി, ഡി.സി.സി പ്രസിഡണ്ടും ജില്ലയിൽ നിന്നുള്ള എം.പിമാരും എം.എൽ.എയും പരിപാടിയിൽ പങ്കെടുത്തില്ല

36

കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് പാലക്കാട് ഡി.സി.സി പ്രസിഡണ്ടും എം.പിയുമായ വി.കെ.ശ്രീകണ്ഠൻ. കൊച്ചനിയൻ കൊലക്കേസിൽ അന്യായമായിട്ടാണ് എം.എസ് അനിൽകുമാറിനെ പ്രതിയാക്കിയതെന്നും, അനിൽകുമാറിൻറെ രാഷ്ട്രീയ ഭാവിയുടെ കടക്കൽ കത്തിവെച്ചവർ ഇന്നും കോൺഗ്രസ് നേതൃതലത്തിലുണ്ടെന്നും ശ്രീകണ്ഠൻ തുറന്നടിച്ചു. ഇരിങ്ങാലക്കുടയിൽ കൊച്ചനിയൻ കൊലക്കേസുമായി ബന്ധപ്പെട്ട വിഷയത്തിൻറെ തുറന്നു പറച്ചിലായി പ്രതിചേർക്കപ്പെട്ട എം.എസ് അനിൽകുമാറിൻറെ സത്യാന്തരം എന്ന പുസ്തകത്തിൻറെ പ്രകാശനം നിർവഹിക്കുകയായിരുന്നു ശ്രീകണ്ഠൻ. പാർട്ടി പുനസംഘടനാ സമയത്ത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായിട്ട് കൂടി കൊലക്കേസ് പ്രതി എന്ന് ആക്ഷേപിച്ച് അനിൽ കുമാറിനെതിരെ എ.ഐ.സി.സിക്ക് പരാതി നല്കിയവർ കോൺഗ്രസിൽ തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പല നേതാക്കളെക്കാളും ആത്മാർത്ഥതയും ആർജ്ജവവും അനിൽ കുമാറിനുണ്ട്. വളർന്ന് വരുന്നവരെ പരാജയപ്പെടുത്താനും ആത്മവിശ്വാസം ഇല്ലാതാക്കാനും പാർട്ടിയിൽ നിന്ന് തന്നെ ശ്രമങ്ങൾ ഉണ്ടാകും. അതിൻറെ ഇരയാണ് താൻ. പാർട്ടി നേതൃത്വം തഴഞ്ഞതാണ്. പാലക്കാട് നിന്ന് ഒരിക്കലും ജയിക്കാൻ സാധ്യതയില്ലെന്ന് ചില നേതാക്കൾ തന്നെ പരിഹസിച്ചതുമാണ്. അടിത്തട്ടിലെ യാഥാർഥ്യങ്ങൾ അറിയാവുന്നത് കൊണ്ടാണ് ഇതിനൊക്കെ അതിജീവിക്കാൻ കഴിഞ്ഞതെന്നും ശ്രീകണ്ഠൻ തുറന്നടിച്ചു. ഇരിങ്ങാലക്കുട നിയമസഭ സീറ്റ് ഘടകക്ഷിയുടെതാണെങ്കിലും ഇനി കൊടുക്കാൻ കഴിയില്ല. കോൺഗ്രസ് ഇത് ഏറ്റെടുക്കണമെന്ന് ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. ഐ.എം.ഐ.ടി ഹൗസിൽ നടന്ന ചടങ്ങിൽ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പുസ്തകം സ്വീകരിച്ചു. നിശാഗന്ധി പബ്ലിക്കേഷൻസ് എഡിറ്റർ ജോജി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. അഡ്വ എം.വിൻസെൻ്റ് എം.എൽ.എ, കെ.പി.സി.സി നിർവാഹകസമിതി അംഗം എം.പി ജാക്സൻ, അഡ്വ.ബിന്ദു കൃഷ്ണ, സി.എസ് ശ്രീനിവാസൻ, ഡോ. അബ്ദുൾമനാഫ്, അഡ്വ എം എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് എം.പി വിൻസെൻറും എം.പിമാരും എം.എൽ.എയും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം വിളിച്ചു ചേർത്തതിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ അനിൽകുമാർ പരസ്യമായി രംഗത്ത് വന്നിരുന്നു. സമരം പ്രഹസനമാണെന്നും ബി.ജെ.പിക്ക് അവസരമൊരുക്കുകയാണെന്നുമായിരുന്നു അനിൽകുമാറിൻറെ വിമർശനം.