ഖാദി ബോര്‍ഡിന്റെ കിടക്ക നിര്‍മാണ യൂണിറ്റ് ഒളരിയില്‍

11
4 / 100

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കിടക്ക, തലയിണ യൂണിറ്റ് ഒളരിയില്‍ തുറന്നു. ജില്ല ഖാദി കേന്ദ്രത്തില്‍ സില്‍ക്ക് കോട്ടണ്‍ കിടക്കയും തലയിണയുമാണ് നിര്‍മ്മിക്കുക. ജില്ലാ പഞ്ചായത്തിന്റെ 2019-20, 2020-21 വര്‍ഷങ്ങളിലെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി പൊതു വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം കെട്ടിടത്തിനും മറ്റു അനുബന്ധ ഉപകരണങ്ങള്‍ക്കുമായി അനുവദിച്ചു. ഇതില്‍ 8 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ബാക്കി 7 ലക്ഷം രൂപ കിടക്ക നിര്‍മാണ ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനുമായി വകയിരുത്തി. ഉപകരണങ്ങള്‍ കാറ്റ്‌കോയില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കും.

ജില്ലയില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് കിടക്കയും തലയിണയും. ഇവ ആവശ്യാനുസരണം ലഭിക്കുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് സ്വന്തമായി കിടക്ക യൂണിറ്റ് ജില്ലാ കേന്ദ്രം ആരംഭിച്ചത്. ഇതോടെ പ്രോജക്ടിന് ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരുകയും ആവശ്യക്കാര്‍ക്ക് യഥാസമയം നല്‍കാന്‍ സാധിക്കുകയും ചെയ്യും. കൂടാതെ അധികം നിര്‍മിക്കുന്ന കിടക്ക, തലയണ എന്നിവ മറ്റു പ്രോജക്ടുകള്‍ക്ക് കൈമാറി അധികവരുമാനം നേടാനും കഴിയും. 1957ലാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് രൂപീകൃതമായത്. ഇപ്പോള്‍ ജില്ലയില്‍ 3 ഖാദി ഗ്രാമ സൗഭാഗ്യകളും ഒരു ഏജന്‍സി ഭവനും പ്രവര്‍ത്തിക്കുന്നുണ്ട്.