ഗുരുവായൂരിലെ മാൻഹോളുകളും ചേമ്പറുകളും നിരപ്പാക്കും: ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ഉടൻ കമ്മീഷൻ ചെയ്യും; എം.എൽ.എയുടെ സാനിധ്യത്തിൽ ഉന്നതതല യോഗം ചേർന്നു

15

ഗുരുവായൂരിൽ റോഡുകളിൽ ഉയർന്നു നിൽക്കുന്ന മുഴുവൻ മാൻഹോളുകളും ചേമ്പറുകളും എത്രയും വേഗം റോഡിൻ്റെ നിരപ്പിലാക്കും. ഗുരുവായൂർ അഴുക്കുചാൽ പദ്ധതി അടിയന്തരമായി കമ്മീഷൻ ചെയ്യുന്നതിൻ്റെ ഭാഗമായി എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതിനായി ഒരാഴ്ചയ്ക്കകം റോഡ് ലെവലിംഗ് സംബന്ധിച്ച വിവരം പൊതുമരാമത്ത് വകുപ്പ് കെ ഡബ്ള്യു എയ്ക്ക് കൈമാറുന്നതും തുടർന്ന് നാലാഴ്ചയ്ക്കകം മാൻഹോളുകളുടെ പ്രശ്നങ്ങൾ വാട്ടർ അതോറിറ്റി പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. 

Advertisement

മാൻഹോളുകളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്ന മുറയ്ക്ക് റോഡ് നിർമാണം പൂർത്തീകരിക്കാമെന്നും ചീഫ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. 4.25 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും. അഴുക്കുചാൽപദ്ധതി എത്രയും വേഗം കമ്മീഷൻ ചെയ്യുമെന്ന് വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. അഴുക്കുചാൽ പദ്ധതിയിൽ ജനങ്ങളെ ഉൾപ്പെടുത്തുന്നതിന് അടിയന്തരമായി അപേക്ഷ ക്ഷണിക്കുന്നതിന് കേരള വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. നഗരസഭ തലത്തിൽ ഇക്കാര്യത്തിൽ വിപുലമായ പ്രയാരണം നടത്തുന്നതിന് നഗരസഭ സെക്രട്ടറിക്കും നിർദ്ദേശം നൽകി.

യോഗത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സുധീർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ, പൊതുമരാമത്ത് സൂപ്രണ്ടിങ് എഞ്ചിനീയർ കെ പി ബിന്ദു, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയർ പൗളി പീറ്റർ, നഗരസഭ സെക്രട്ടറി ഷിബു, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി വകുപ്പുകളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Advertisement