ഗുരുവായൂരിൽ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

7

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഐസൊലേഷൻ വാർഡ് യാഥാർത്ഥ്യമാകുന്നു. എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തി 1.79 കോടി രൂപ ചെലവിലാണ് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നത്. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാതെ തുടക്കത്തിൽ തന്നെ രോഗികളെ ഐസൊലേറ്റ് ചെയ്ത് ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisement

പത്ത് കിടക്കകൾക്കുള്ള സൗകര്യം ഭാവിയിൽ 15 ആയി ഉയർത്താൻ സാധ്യമാകും വിധമാണ് വാർഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പെട്ടെന്ന് ഉണ്ടായേക്കാവുന്ന രോഗമൂർച്ഛ നേരിടാനും രോഗിയെ സ്റ്റെബിലൈസ് ചെയ്യാനും ഉപയോഗിക്കുന്ന എമർജൻസി റിസസിറ്റെഷൻ റൂമും സജ്ജമാക്കും.

ഓക്സിജൻ സിലിണ്ടർ മാറ്റാൻ വരുന്നവർക്ക് രോഗി സമ്പർക്കം ഉണ്ടാകാത്ത രീതിയിലാണ് സെൻട്രൽ സാക്ഷൻ ആന്റ് മെഡിക്കൽ ഗ്യാസ് യൂണിറ്റ് തയ്യാറാക്കുക. രോഗികളെ കിടക്കകളിൽ നിന്ന് ദൃശ്യമാകുന്ന രീതിയിലും എന്നാൽ ബാരിയർ ഉള്ളതുമായ നഴ്സിംഗ് സ്റ്റേഷനും ഐസോലേഷന്റെ പ്രത്യേകതയാണ്. ഇത് രോഗികളുടെ ഒറ്റപ്പെടൽ, മാനസിക സംഘർഷം എന്നിവ ഗണ്യമായി കുറയ്ക്കും. ഐസൊലേഷൻ വാർഡിന്റെ നിർമ്മാണ മേൽനോട്ട ചുമതല കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനാണ്.

വാർഡിന്റെ നിർമ്മാണോദ്ഘാടനം കടപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു. ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. നിബിൻ കൃഷ്ണ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്തിയ മുസ്താക്കലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ആഷിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈനി ഷാജി, സി വി സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ ടി ആർ ഇബ്രാഹിം, സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, സൂപ്രണ്ട് ടി പി ശ്രീകല, ഡെപ്യൂട്ടി ഡിഎംഒ ഡോ.അനൂപ്, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement