ഗുരുവായൂർ ഏകാദശിയുടെ തീയതി വിവാദം; ജ്യോതിഷികളുടെ യോഗം വിളിച്ച് ദേവസ്വം

50

ഗുരുവായൂർ ഏകാദശിയുടെ തീയതി വിവാദമായ സാഹചര്യത്തിൽ ദേവസ്വം ജ്യോതിഷികളുടെ യോഗം വിളിച്ചു. ഈ മാസം 24 നാണ് യോഗം. ഗണിച്ചു നൽകുന്ന വിദഗ്ധരേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു. ഏകാദശി തിയതി നാലിനാണെന്നും ദേവസ്വം മൂന്നിന് ആചരിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാണിച്ച് നേരത്തെ തന്നെ വിവിധ ജ്യോതിഷ സംഘടനകൾ രംഗത്ത് വന്നിരുന്നുവെങ്കിലും ദേവസ്വം ഇക്കാര്യത്തിൽ തന്ത്രിയുടെ നിലപാടിനെയാണ് ആശ്രയിച്ചതെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്നലെ ഏകാദശി ഗണിച്ചു നൽകിയ ജ്യോൽസ്യൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് രേഖാമൂലം വിഷയത്തിൽ രംഗത്തെത്തിയതോടെയാണ് ഏകാദശി വിവാദം കൂടുതൽ ചർച്ചയായത്. ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിന് അല്ലെന്നും ഡിസംബർ നാലിനാണ് ഏകാദശിയെന്നാണ് പഞ്ചാംഗം ഗണിച്ച് താൻ നൽകിയതെന്നും കാണിപ്പയ്യൂർ വ്യക്തമാക്കി. താൻ നൽകിയതിൽ തിരുത്തൽ വരുത്തിയത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ദേവസ്വം മറുപടി പറഞ്ഞില്ല അക്കാര്യം ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂര്‍ ആവശ്യപ്പെട്ടിരുന്നു. തെറ്റ് പറ്റിയോ എന്ന് പരിശോധിക്കുമെന്നും ചെയർമാൻ പറഞ്ഞു.

Advertisement
Advertisement