ഗുരുവായൂർ ക്ഷേത്രത്തിൽ ആ ജാതിചങ്ങലയും പൊട്ടിച്ചു: വാദ്യകലാകാരൻമാരിൽ ഈഴവ വിഭാഗത്തിൽ നിന്നുള്ളവരെയും നിയമിച്ചു

118

ഗുരുവായൂർ ക്ഷേത്രത്തിൽ ജാതിവേലിക്കെട്ടിന്റെ ഒരു ചങ്ങലകൂടി പൊട്ടിച്ചു. വാദ്യകലാകാരന്മാരായി സംവരണാടിസ്ഥാനത്തിൽ രണ്ടുപേരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുതുതായി നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പ്‌ കലാകാരൻ മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് ശ്രീധർ എന്നിവരെയാണ് നിയമിച്ചത്.
രണ്ടുപേരും ഈഴവ വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർ ക്ഷേത്രത്തിൽ ഏകാദശിവിളക്കിന്റെ എഴുന്നള്ളിപ്പുകളിൽ വാദ്യക്കാരായി പങ്കെടുത്തുതുടങ്ങി. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ പൂർവവിദ്യാർഥിയാണ് രമോജ്.
ഇലത്താളത്തിലും കൊമ്പിലും കലാകാരന്മാരുടെ ഒഴിവ്‌ വന്നപ്പോൾ ഇത് ഈഴവസംവരണമാക്കി റിക്രൂട്ട്മെന്റ് ബോർഡ് പരസ്യം ചെയ്തിരുന്നു. അതുപ്രകാരം അപേക്ഷിച്ചവരിൽ രണ്ടുപേരെ കൂടിക്കാഴ്‌ചയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥിരനിയമനം നടത്തുകയായിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായാണ് ഈഴവ വിഭാഗത്തിൽപ്പെട്ടവർ ഇലത്താളത്തിലും കൊമ്പുവാദനത്തിലും കലാകാരന്മാരായി എത്തുന്നത്. നായർവിഭാഗത്തിനുവരെയായിരുന്നു ക്ഷേത്രത്തിലെ വാദ്യങ്ങൾ കൈകാര്യംചെയ്യാനുള്ള അനുവാദം.
ചെണ്ട, തിമില, ഇടയ്‌ക്ക, ശംഖ് എന്നിവ മാരാർ വിഭാഗങ്ങൾക്കുള്ളതാണ്. മദ്ദളം, ഇലത്താളം, കൊമ്പ് എന്നിവയിൽ മാത്രമേ നായർവിഭാഗങ്ങളിലെ കലാകാരന്മാരെ അനുവദിച്ചിരുന്നുള്ളൂ.
ക്ഷേത്രപ്രവേശനസത്യാഗ്രഹത്തിന്റെ നവതി പിന്നിട്ട വർഷത്തിൽ, ക്ഷേത്രത്തിലെ വാദ്യരംഗത്തെ വിവേചനങ്ങൾ വഴിമാറുകയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് ക്ഷേത്രത്തിൽ നാഗസ്വരം വിഭാഗത്തിൽ ദളിത് കലാകാരൻ തൃശൂർ കരിയന്നൂർ സ്വദേശി സതീഷ്‌കുമാറിനെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമിച്ചിരുന്നു.

Advertisement
Advertisement