ഗുരുവായൂർ ദേവസ്വം ആനകളുടെ ഏക്കത്തുക പുതുക്കി നിശ്ചയിച്ചു: നന്ദനും ഇന്ദ്രസെനുമാണ് പ്രതിഫലത്തിലെ സൂപ്പർതാരങ്ങൾ; അനുവദിക്കുക നായക സ്ഥാനത്തേക്ക് മാത്രം; ഇതുവരെയും കോട്ടയിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലാത്ത ആനകൾക്കും നിരക്ക് നിശ്ചയിച്ചു

16

ഗുരുവായൂർ ദേവസ്വം ആനകളുടെ ഏക്കത്തുക പുതുക്കി നിശ്ചയിച്ചു. നന്ദനും ഇന്ദ്രസെനുമാണ് പ്രതിഫലത്തിലെ ദേവസ്വത്തിന്റെ സൂപ്പർതാരങ്ങൾ. രണ്ട് ആനകൾക്കും ഒരു ദിവസത്തെ എഴുന്നള്ളിപ്പിന് ഒരു ലക്ഷം രൂപയാണ് പ്രതിഫലം. എഴുന്നള്ളിപ്പുകളിലെ നായക സ്ഥാനത്തേക്ക് മാത്രമേ ഇവയെ അനുവദിക്കൂ. കോലമേറ്റിയ എഴുന്നള്ളിപ്പുകൾക്ക് മാത്രം അയച്ചാൽ മതിയെന്നാണ് ദേവസ്വം തീരുമാനം. സിദ്ധാർഥൻ, ദാമോദർദാസ് എന്നിവരാണ് പ്രതിഫലത്തിൽ രണ്ടാമൻമാർ. സാധാരണ ദിവസങ്ങളിൽ 50000 രൂപയാണ് ഈ കൊമ്പന്മാരുടെ പ്രതിഫലം. വിശേഷ ദിവസങ്ങളിൽ 60000 രൂപയാണ്. മകര ചൊവ്വ, മകര പത്ത്, തൈപ്പൂയം, കുംഭ ഭരണി, മീന ഭരണി, മകര ഭരണി, ശിവരാത്രി, വിഷു, തൃക്കാർത്തിക എന്നീ ദിവസങ്ങളാണ് വിശേഷ ദിവസങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. ഒരു ദിവസത്തേക്ക് ഒരു ആനക്ക് കൂടുതൽ ആവശ്യക്കാരുണ്ടായാൽ ലേലം, ടെൻഡർ തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കും. ആനത്താവളത്തിലെ പിടിയാനകൾക്കെല്ലാം 25000 രൂപ വീതമാണ് നിരക്ക്. ആനത്താവളത്തിലെ 42 ആനകൾക്കും ഗജക്ഷേമ നിധി എന്ന പേരിൽ പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ആനത്താവളത്തിന് ഇതുവരെയും പുറത്ത് പോയിട്ടില്ലാത്ത ആനകൾക്കും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്.

Advertisement
Advertisement