ഗോവയിൽ നിന്നും വിൽപ്പനക്കായി എത്തിച്ച 1800 കിലോ പഴകിയ പുഴുവരിച്ച മൽസ്യം പിടികൂടി; കൊണ്ടു വന്നത് തൃശൂരിലേക്കും കുന്നംകുളത്തേക്കും

441

ഗോവയിൽ നിന്നും വിൽപ്പനക്കായി തൃശൂരിലെത്തിച്ച 1800 കിലോ പഴകിയ പുഴുവരിച്ച മൽസ്യം പൊലീസും ആരോഗ്യവകുപ്പും പിടികൂടി. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണ് മീൻ കൊണ്ടു വന്നിരുന്ന കണ്ടെയ്നർ ലോറി പേരാമംഗലം പൊലീസ് തടഞ്ഞത്. പഴകിയ മൽസ്യമാണെന്ന് സംശയമുയർന്നതിനെ തുടർന്ന് കലക്ടറെയും ആരോഗ്യവകുപ്പിനെയും വിവമറിയിക്കുകയായിരുന്നു. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഫുഡ് സേഫ്ടി അസി.കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ പഴകിയ മൽസ്യമാണെന്ന് കണ്ടെത്തി. 30 കിലോ വീതം നിറച്ച 60 പെട്ടികളിലായിരുന്നു മൽസ്യം. മംഗലാപുരത്ത് നിന്നും പത്ത് ദിവസമായി പുറപ്പെട്ടതായിരുന്നു ലോറി. രണ്ട് തരത്തിലുള്ള മൽസ്യമായിരുന്നു ഉണ്ടായിരുന്നത്. തൃശൂരിലെ ശക്തൻ മാർക്കറ്റിലും മൽസ്യം ഇറക്കിയിരുന്നുവെന്ന ലോറി ഡ്രൈവറുടെ മൊഴിയനുസരിച്ച് കോർപ്പറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്ടി അധികൃതരും പരിശോധന നടത്തി രണ്ട് പെട്ടികൾ പിടിച്ചെടുത്തു. കുന്നംകുളം മൽസ്യമാർക്കറ്റിലേക്കുള്ളതായിരുന്നു ലോറിയിലുണ്ടായിരുന്ന മൽസ്യങ്ങൾ.

Advertisement
Advertisement