ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളെ മികവുറ്റതാക്കി മാറ്റുമെന്ന് കെ.കെ ശൈലജ ടീച്ചര്‍

8
8 / 100

ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളെ മികവുറ്റതാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നഗരങ്ങളില്‍ എന്നപോലെ ആധുനികവും മെച്ചപ്പെട്ടതുമായ ചികിത്സാ സംവിധാനങ്ങള്‍ ഓരോ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കൊരട്ടി ഗവണ്‍മെന്റ് ത്വക്ക് രോഗാശുപത്രിയിലെ 10 കോടി ചിലവില്‍ നിര്‍മ്മിച്ച ഹ്യൂമണ്‍ റിസോഴ്‌സ് ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 17 കോടി ചിലവില്‍ നിര്‍മിക്കുന്ന പുതിയ ഐ പി കെട്ടിടത്തിന് നിര്‍മാണോദ്ഘാടനവും രണ്ടരക്കോടി ചിലവില്‍ നിര്‍മ്മിക്കുന്ന റിസോഴ്‌സ് സെന്റര്‍ അക്കോമഡേഷന്‍ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഗ്രാമപ്രദേശങ്ങളെന്നോ നഗരപ്രദേശങ്ങള്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് നമ്മുടെ ലക്ഷ്യം. സാധാരണക്കാരുടെ ഏക ആശ്രയം സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ചികിത്സ കേന്ദ്രങ്ങളാണ്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതും അത്യാവശ്യമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്ക് പോകുന്ന ആരോഗ്യ സേവന ശൃംഖലയിലെ ഓരോ സെന്ററുകളിലും മികച്ച ചികിത്സാ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലെ മികച്ച സേവനങ്ങള്‍ തന്നെയാണ് കോവിഡ് കാലത്തും വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ നമുക്ക് സഹായകരമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബി ഡി ദേവസ്സി എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാന്‍ എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍,കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ടി വി സതീശന്‍, ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി സൂപ്രണ്ട് വി എ ലത തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും വിദഗ്ധര്‍ക്കും വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാനത്തെ മൂന്നാമത്തെ ട്രെയിനിങ് സെന്ററാണ് കൊരട്ടിയില്‍ ആരംഭിച്ചത്. തിരുവനന്തപുരം തൈക്കാടും കോഴിക്കോട് മലാപറമ്പിലുമാണ് രണ്ട് ഹ്യൂമണ്‍ റിസോഴ്‌സ് ട്രെയിനിങ് സെന്ററുകളുള്ളത്. നാല് കോടി രൂപ ചിലവില്‍ കൊരട്ടി ത്വക്ക് രോഗശുപത്രിക്ക് പുതിയ ഒ പി ബ്ലോക്ക് പണിയുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആശുപത്രി റോഡുകളുടെ വികസനത്തിനായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.