ചന്ദ്രബോസിന്റെ കൊലയാളി നിഷാമിനെതിരെ വീണ്ടും കേസ്

124

ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെതിരെ വീണ്ടും കേസ്. സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിൽ പോലീസ് അന്വേഷണം തുടങ്ങി. കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരനായ നസീർ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.
ഏറെ വിവാദമുണ്ടാക്കിയ കേസാണ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബസിനസ്സുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയിൽ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാൻ ശ്രമിച്ചതുവരെ വിവാദമായി. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്. വധശിക്ഷ വിധിക്കപ്പെട്ട് പൂ‍ജപ്പുരയിൽ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേർന്ന് നസീറെന്ന സഹതടവുകാരന്റെ കാലിൽ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ കേസ്. നസീർ കോടതിയിൽ നൽകിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസേടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം അകത്തായത്. 2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. 

Advertisement

വാഹനമിടിച്ച് പരിക്കേൽപിച്ചതിന് പുറമെ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും മുഹമ്മദ് നിസാം അടിച്ചു തകർത്തു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും (31) മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനത്തെുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരണമടഞ്ഞു. പൊട്ടിയ വാരിയെല്ലുകൾ തറഞ്ഞുകയറി ആന്തരാവയങ്ങൾക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. 

ചന്ദ്രബോസ് വധത്തിൽ വൻജനരോഷമാണ് പിന്നീട് ഉയർന്നത്. കൊലപാതകത്തിന് പിന്നാലെ നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിഷമിനെതിരെ ഉണ്ടായി. 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസിൽ കൊലപാതകമുൾപ്പെടെ 9 കുറ്റങ്ങൾ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്നും കണ്ടെത്തിയ തൃശ്ശൂർ അഡീഷണൽ കോടതി പ്രതിക്ക് ജീവപരന്ത്യവും 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 

Advertisement