ചരിത്രം പഠിക്കാം… സമയം ചിലവിടാം… സമ്മേളനവും നടത്താം; തൃശൂർ നഗരത്തിൽ ഇ.എം.എസ് സ്ക്വയർ ഉദ്‌ഘാടനത്തിന്

23

സ്വാതന്ത്ര്യസമരത്തിലേക്ക്‌ ഇ.എം.എസ്‌ ഇറങ്ങിത്തിരിച്ച തൃശൂരിൽ ഇ.എം.എസിന്റെ   വെങ്കലശിൽപ്പം  ഉയർന്നു. കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതിയാണ്  സാംസ്കാരികനഗരിയിൽ ഇ.എം.എസ്  സ്‌ക്വയറും ഓപ്പൺ തിയറ്ററും മിനിപാർക്കും ഒരുക്കിയത്‌. 
 തൃശൂർ പട്ടാളം റോഡിൽ ബി.എസ്.എൻ.എൽ ഓഫീസിന് സമീപമാണ്‌ പാർക്ക്‌.   മനോഹരമായ  സ്‌റ്റേജും ചുറ്റും സ്‌റ്റേഡിയം മാതൃകയിൽ ഇരിപ്പിടവും ടൈൽവിരിച്ച്‌ മനോഹരമാക്കിയിട്ടുണ്ട്‌. സ്‌റ്റേജിന്‌ ഇടതുവശത്താണ്‌ ഇ എം എസിന്റെ ശിൽപ്പം.  ചുറ്റും ദീപാലങ്കാരങ്ങളുണ്ട്‌.   പാർക്കിനു ചുറ്റും  പനകളും മറ്റുമരങ്ങളും നട്ടുപിടിപ്പിച്ചു. ഉള്ളിൽ  മനോഹരമായ പൂച്ചെടികളും ആമ്പൽക്കുളവും പച്ചപ്പുൽത്തകിടിയും  സെൽഫി പോയിന്റും.  ക്ലോക്ക്‌റൂം സെക്യൂരിറ്റി ക്യാബിനുമുണ്ട്‌.  ഇഎംഎസ് ഇരുന്ന് സംവദിക്കുന്ന രൂപത്തിലുള്ള ശിൽപ്പം ശിൽപ്പി പ്രേംജിയാണ് ഒരുക്കിയത്. 

Advertisement

സ്‌റ്റേജിൽ  നാണയരൂപത്തിൽ ഇഎംഎസിന്റെ റിലീഫ് ഛായാചിത്രവുമുണ്ട്‌. ചുറ്റുമതിലിൽ ഇ എം എസിന്റെ ജീവിതത്തിലെ നിർണായകമുഹൂർത്തങ്ങൾ ശിൽപ്പങ്ങളായി പതിച്ചിട്ടുണ്ട്‌.   ചിത്രവിവരണമുള്ളതിനാൽ പുതുതലറമുയ്‌ക്ക്‌  പഠനസഹായിയാവും.  ശ്രീനാരായണഗുരുവും കുമാരനാശാനും  നവോത്ഥാന ചിന്തകൾ പകരുന്നു. അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌ എന്ന ശിൽപ്പത്തിൽ വി.ടിയും എം.ആർ.ബിയും പ്രേംജിയുമെല്ലാമുണ്ട്‌. ഇ.എം.എസും ജയിൽവാസവും എന്ന ശിൽപ്പത്തിൽ എ.കെ.ജിയും കൃഷ്‌ണപിള്ളയുമുണ്ട്‌. സ്വാതന്ത്ര്യസമരവും ഗാന്ധിസ്‌മരണയും തുടിക്കുന്നുണ്ട്‌. ഓപ്പൺ തിയറ്റർ ഉടൻ നാടിന്‌ സമർപ്പിക്കുമെന്ന്‌ മേയർ എം കെ വർഗീസ്‌ പറഞ്ഞു.

Advertisement