മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനെതിരെ ഇരിങ്ങാലക്കുട രൂപതയുടെ വിമർശനം. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പേരുകളില്‍ വര്‍ഗീയ വിദ്വേഷം പടർത്താൻ ഇടയാകുന്ന സന്ദേശങ്ങള്‍ക്ക് മറുപടിയെന്ന രീതിയില്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതാക്കള്‍ നല്കുന്ന സന്ദേശങ്ങള്‍ യുക്തിഭദ്രവും സത്യസന്ധവും ആകണമെന്ന് ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്സ് കമീഷന് വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിൻറെ തനത് സംസ്കാരവും പാരമ്പര്യവും ഇല്ലാതാക്കാനും മതവിശ്വാസികളെ തമ്മിലടിപ്പിച്ച് വോട്ട് ബാങ്ക് സൃഷ്ടിക്കാനും നടത്തുന്ന രാഷ്ട്രീയ കളികള്‍ ഒരു മുന്നണിക്കും ഗുണകരമാവില്ലെന്നും കമീഷൻ പറഞ്ഞു. തുർക്കിയിലെ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം മോസ്കാക്കിയതിനെ ന്യായീകരിച്ച് ക്രൈസ്തവ യുവനേതാവ് ചാണ്ടി ഉമ്മന്‍ നടത്തിയ വാക്പയറ്റ് ആരെ തൃപ്തിപ്പെടുത്താനാണെന്ന് സാക്ഷര കേരളത്തിലെ ചരിത്ര ബോധമുള്ള പൗരസമൂഹം വിലയിരുത്തും. യൂറോപ്പിലെ ആയിരക്കണക്കിന് ദേവാലയങ്ങള്‍ ബാറുകളും ഡാന്‍സ് ക്ലബുകളുമാക്കി മാറ്റിയ കാര്യങ്ങള്‍ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം നിരത്തിയതെന്ന് രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചോദിക്കുന്നു. കുറച്ച് കാലമായി ക്രൈസ്തവ സഭയേയും സമൂഹത്തെയും ഇകഴ്ത്താനും വോട്ട് കിട്ടാൻ ചില മതവിഭാഗങ്ങളെ പ്രീണിപ്പിക്കാനും ചെയ്യുന്ന ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് രൂപത പബ്ലിക് അഫയേഴ്സ് കമീഷൻ പി.ആര്.ഒ ഫാ. ജോളി വടക്കന്‍ വാർത്തകുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.സി.ബി.സിയുടെ വാർത്താക്കുറിപ്പിന് പിന്നാലെയാണ് ഇരിങ്ങാലക്കുട രൂപതയുടെ വാർത്താക്കുറിപ്പും.