ചാവക്കാട് തീരപ്പെരുമ സാംസ്കാരിക സമ്മേളനത്തിന് തിരശീല വീണു

1

ഓണക്കാലത്ത് സർക്കാർ 95 ലക്ഷം കുടുംബങ്ങൾക്ക് വിഭവങ്ങളെത്തിച്ചുവെന്ന് മന്ത്രി ആർ ബിന്ദു

Advertisement

ഓണക്കാലത്ത് 95 ലക്ഷം കുടുംബങ്ങൾക്ക് 14 വിഭവങ്ങളടങ്ങുന്ന ഓണസമ്മാനം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിച്ച ഓണാഘോഷം “തീരപ്പെരുമ” സമാപനസമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജാതി-മതത്തിനതീതമായി മതനിരപേക്ഷയോടെ ഓണം ആഘോഷിക്കുന്ന ഇടമാണ് ചാവക്കാട്. തീരപ്പെരുമ പോലുള്ള ഓണാഘോഷ പരിപാടികൾ മാനുഷിക അടുപ്പം വളർത്തുമെന്നും ഇത്തരം കൂട്ടായ്മ കുട്ടികൾക്ക് പാരസ്പര്യമൂല്യങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഓണം എന്നത് സഹോദര്യത്തിന്റെയും മനുഷ്യനന്മയുടെയും ആഘോഷമാണെന്നും നവകേരളം പുഷ്പിക്കുന്നത് ഇത്തരം നാട്ടുത്സവങ്ങളിലൂടെയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ഒരുമയുടെ പ്രതീകമായിരുന്ന മഹാബലിയുടെ തുടർച്ചയാണ് ശ്രീനാരായണ ഗുരുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മികച്ച രീതിയിൽ മണ്ഡലത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻ കെ അക്ബർ എംഎൽഎയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ചാവക്കാട് നഗരസഭയും ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായാണ് ബ്ലാങ്ങാട് ബീച്ചിൽ “തീരപ്പെരുമ” ഓണാഘോഷം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വിവിധ സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും പ്രവർത്തനം സെപ്റ്റംബർ 2ന് ആരംഭിച്ചിരുന്നു. 8 മുതൽ കലാവിരുന്ന്, വിവിധ മത്സരങ്ങൾ, സംസ്കാരിക സമ്മേളനം തുടങ്ങിയവയും ഒരുക്കിയിരുന്നു.

എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സെക്രട്ടറി കെ ബി വിശ്വനാഥൻ, നഗരസഭ വൈസ് പ്രസിഡൻറ് കെ കെ മുബാറക്, സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളായ ബുഷറ ലത്തീഫ്, പി എസ് അബ്ദുൾ റഷീദ്, കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സമാപനസമ്മേളനത്തോടനുബന്ധിച്ച് ബെല്ല ഇവെന്റ്സ് കോഴിക്കോടിന്റെ മെഗാ ഷോയും അരങ്ങേറി.

Advertisement