ചാവക്കാട് മുനയ്ക്കകടവില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

10

ചാവക്കാട് മുനയ്ക്കകടവില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഗില്‍ബര്‍ട്ട്, മണി എന്നീ മത്സ്യത്തൊഴിലാളികള്‍ക്കായാണ് കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലിൽ നിന്നും തിരിച്ച് മടങ്ങവെ എൻജിൻ പ്രവർത്തനം നിലക്കുകയും ശക്തമായ തിരമാലയടിച്ചു വള്ളം മറിയുകയുമായിരുന്നു. ‘ലൗ ഫ്രണ്ട്സ്’ എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവരാണ്   കരയിലേക്ക് നീന്തിക്കയറി രക്ഷപെട്ടത്. എന്നാല്‍  മണിയൻ, ഗിൽബർട്ട് എന്നിവരെ കുറിച്ച് രാത്രി വെെകിയും വിവരമൊന്നും ലഭിച്ചില്ല. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷം രാത്രി എട്ടു മണിയോടെയാണ് ഏങ്ങണ്ടിയൂർ തീരത്തേക്ക് സന്തോഷ് നീന്തിക്കയറിയത്. ശക്തമായ തിരമാലകളെ തുടർന്ന് ശരിയായ രീതിയിൽ രക്ഷാപ്രവർത്തനം നടത്താൻ രാത്രി വെെകും വരെയും സാധിച്ചിട്ടില്ല. നീന്തിക്കയറിയ തൊഴിലാളികളെ അഞ്ചങ്ങാടി പി.എം. മൊയ്തീൻ ഷാ ആംബുലൻസ്, ചാവക്കാട് റിപ്പോർട്ട്‌ ആംബുലൻസ്, ചേറ്റുവ എഫ്.എ.സി ആംബുലൻസ് എന്നിവർ ചേർന്ന് ചാവക്കാട്ടെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement