ജയൻ അവണൂർ പുസ്തകക്കൂട്ട് അവസാനിപ്പിക്കില്ല; വിശാല ലോകത്ത് സജീവമാകാൻ ഔദ്യോഗികമായി വിരമിച്ചു

20

ജീവിതത്തിലെ ഏറെ സമയവും പുസ്തകങ്ങൾക്കൊപ്പം ചിലവഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിൽ ജയൻ അവണൂർ പുസ്തകങ്ങളുടെ ലോകത്ത് നിന്നും ഔദ്യോഗികമായി പടിയിറങ്ങി. അക്ഷരങ്ങളും പുസ്തകങ്ങളും സൗഹൃദങ്ങളും അപ്പോഴും ജയന് കൂട്ടായി തന്നെയുണ്ട്. കൊടകര ഗ്രാമ പഞ്ചായത്ത്‌ കേന്ദ്ര ഗ്രന്ഥശാലയിൽ സെലക്ഷൻ ഗ്രേഡ് ലൈബ്രേറിയൻ തസ്തികയിൽ നിന്നുമാണ് ജയൻ അവണൂർ വിരമിച്ചത്. സംസ്ഥാനത്ത് തന്നെ ലൈബ്രേറിയന് ഇത്തരമൊരു വിരമിക്കൽ സ്നേഹം ലഭിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. ഒരു നാടിന്റെ അടയാളപ്പെടുത്തലും മുഖവുമായി ഒരു വായനശാലയെ വളർത്തിയെടുത്ത പകരങ്ങളില്ലാത്ത നേട്ടമാണ് ജയൻ അവണൂരിനുള്ളത്. പൊതുപ്രവർത്തകൻ, മികച്ച സംഘാടകൻ, പത്രപ്രവർത്തകൻ അങ്ങനെ ജയന്റെ മേഖലകൾ ഏറെയാണ്. വായനയുടെയും എഴുത്തിന്റെയും ലോകമാണ് അതിലെ ഏറെ പ്രധാനപ്പെട്ടത്. ദേശാഭിമാനിയുടെ ലേഖകനായി മാധ്യമപ്രവർത്തന രംഗത്ത് നിറഞ്ഞ് നിൽക്കുമ്പോഴായിരുന്നു ലൈബ്രേറിയനായുള്ള നിയമനം. അതിന് മുമ്പ് അവണൂരിൽ്് സംഘടനാ പ്രവർത്തനവും വായനശാല കേന്ദ്രീകരിച്ച പ്രവർത്തനവും. ‘പ്രതിഭ’ എന്ന പേര് അവണൂരിന്റെ മുഖമുദ്രയാക്കി വളർത്തിയെടുത്തവരിൽ ജയന്റെ പങ്ക് നിർണ്ണായകമാണ്. ഒരു കൂട്ടായ്മയിൽ നിന്നും പ്രതിഭ നാടിന്റെ അവിഭാജ്യഘടകമാണ് ഇന്ന്. ജോലിയുമായി ബന്ധപ്പെട്ട് കൊടകരയിലെത്തി ഇപ്പോൾ വിരമിക്കുമ്പോൾ അവണൂർ സന്തോഷിക്കുകയും കൊടകരക്കാർ സങ്കടപ്പെടുകയുമാണ്. അവണൂരിന് വീണ്ടും ജയനെ തിരിച്ചു കിട്ടുന്നുവെന്ന സന്തോഷമാണ് അവണൂർക്കാർക്കുള്ളത്. ജയൻ പോകുന്നതിൻറെ നഷ്ടത്തിലാണ് കൊടകരയുടെ സങ്കടം. അത്രമേൽ നാടുമായി സൗഹൃദത്തിലായിരുന്നു ജയൻ. കൊടകരയുടെ സാംസ്കാരിക കേന്ദ്രമായും, സമ്പൂര്‍ണ്ണ ഇൻഫർമേഷൻ കേന്ദ്രമായും, അതോടൊപ്പം തന്നെ സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് ലൈബ്രറിയായും കൊടകര പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയെ വളർത്തിയത് ജയൻ അവണൂരിൻറെ ഊണും ഉറക്കവും വിശ്രമവുമില്ലാത്ത നിതാന്ത പരിശ്രമമായിരുന്നു. മുന്നൂറ് പേർ ആരെങ്കിലും വന്നാലായി, പ്രവർത്തിച്ചാലായി, സ്ഥിരമായി ജീവനക്കാരില്ലാത്തതിനാൽ നാടിനും ഉടമസ്ഥരായ പഞ്ചായത്തിനും വലിയ ശ്രദ്ധയില്ലാതിരിക്കെയായിരുന്നു പഞ്ചായത്ത് വകുപ്പിൽ ജയന് വായനശാലയിൽ ലൈബ്രേറിയനായി നിയമനം ലഭിക്കുന്നത്. മുന്നൂറെന്ന അംഗസംഖ്യയിൽ നിന്ന് മുവ്വായിരത്തിലേക്ക് പുസ്തകങ്ങൾ ആയിരത്തിൽ നിന്നും കാൽ ലക്ഷത്തിലേക്ക് അങ്ങനെ വായനശാല വളർന്നത് ചുരുങ്ങിയ കാലം കൊണ്ട്. വായനശാലയിൽ വരുന്ന ഏതൊരു വ്യക്തിക്കും ബുക്സ് തെരെഞ്ഞെടുക്കാൻ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. വിഷയാടിസ്ഥാനത്തിൽ 40 ഓളം വിഭാഗങ്ങളിലായി 18000 ത്തിൽപരം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ലഭ്യമാക്കിയിട്ടുണ്ട് . മൂവായിരത്തോളം അംഗങ്ങളായുള്ള ഈ വായനശാല ജില്ലയിലെ ആദ്യത്തെ വൈഫൈ ഗ്രന്ഥശാല കൂടിയാണെന്ന് അറിയുമ്പോൾ മാറിയ കാലത്തെ മുൻ കൂട്ടികാണുക കൂടിയായിരുന്നു ജയന്റെ നേതൃത്വത്തിൽ. പഞ്ചായത്ത് വകുപ്പിലെ 20000 ത്തോളം ജീവനക്കാരുടെ ഇടയിൽ ആകെ 69 പേർ മാത്രമടങ്ങുന്ന ലൈബ്രേറിയൻ തസ്തികയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരാണ് 31ന് വിരമിച്ചത്. 2020ലെ വർഷത്തെ മികച്ച ലൈബ്രേറിയനുള്ള കെ.എൽ.എ സംസ്ഥാന അവാർഡും ജയനായിരുന്നു.