ജാഗ്രത കൈവിടരുത്: ക്യാമ്പിൽ ആശ്വാസ വാക്കുകളുമായി മന്ത്രിയും കളക്ടറും

15

മഴക്കെടുതിയുടെ പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ ക്യാമ്പിലെത്തി റവന്യൂമന്ത്രി കെ രാജൻ. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി അന്തേവാസികൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു.
56 ദിവസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ
61 കുടുംബങ്ങളിൽ നിന്നായി 183 പേരാണ് കഴിഞ്ഞ നാല് ദിവസമായി ക്യാമ്പിൽ കഴിയുന്നത്.

Advertisement

അതിഭീകരമായ മഴയിൽനിന്ന് അൽപം ആശ്വാസം ലഭിച്ചെങ്കിലും ജാഗ്രത കൈവിടാതെ മുന്നോട്ടുപോകണമെന്ന് ക്യാമ്പ് സന്ദർശിച്ച് മന്ത്രി ഓർമ്മിപ്പിച്ചു.
മണിക്കൂറിൽ 65 മുതൽ 73 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അതിഭീകരമായ മഴ ഒരു ഘട്ടം കഴിഞ്ഞതോടെ ചാലക്കുടി പുഴയിലെ നിലവിലുള്ള അവസ്ഥയ്ക്ക് നേരിയതോതിൽ മാറ്റം വന്നിട്ടുണ്ട്. എന്നിരുന്നാലും മഴ പൂർണമായി പോകുമെന്ന് കരുതാനാകില്ല. ആളുകൾ ക്യാമ്പുകളിൽ എത്തിയിട്ടുള്ളത് മുൻകരുതലുകളുടെ അടിസ്ഥാനത്തിലാണ്.
ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

ജനപിന്തുണയോടെ മാത്രമേ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കൂ. ജനങ്ങളും സർക്കാരും ഒറ്റക്കെട്ടാണ്. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ക്യാമ്പുകളിൽ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

ജില്ലാ കലക്ടർ ഹരിത വി കുമാർ, ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ല പഞ്ചായത്തംഗം മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗമി പ്രസാദ്, ഡെപ്യൂട്ടി കലക്ടർ ജ്യോതി, തഹസിൽദാർ കെ രേഖ, വില്ലേജ് ഓഫീസർ റജുല റഷീദ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ക്യാമ്പ് സന്ദർശിച്ചു.

Advertisement