ജില്ലയിലെ റോഡ് നിർമാണം, ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്: കുതിരാനിലെ രണ്ടാം തുരങ്കം നിർമ്മാണം വേഗത്തിലാക്കുമെന്നും മന്ത്രി

31

ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ് നിർമാണ പ്രവൃത്തികളും ടൂറിസം പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാ വകുപ്പുകളും
കൈകോർത്തു പ്രവർത്തിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.
ജില്ലയിലെ മന്ത്രിമാർ, എം.എൽ.എമാർ, കളക്ടർ, വകുപ്പുദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ എല്ലാ എം.എൽ.എമാരുടെയും നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന റോഡ് നിർമാണ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി ഉദ്യോഗസ്ഥർ വിലയിരുത്തി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ നൽകുന്നതിനായുള്ള
ആദ്യ യോഗമാണ് ചേർന്നത്. വർഷത്തിൽ 3 തവണ ഇപ്രകാരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കുതിരാനിലെ ഒന്നാം തുരങ്കം തുറന്നു കൊടുത്തത് കൂട്ടായമയുടെ വിജയമാണ്. ഉദ്ഘാടനവും ക്രെഡിറ്റുമൊന്നും വിഷയങ്ങളല്ല. വിവാദത്തിന് പിന്നാലെയുമില്ല. ജനങ്ങൾക്ക് യാത്രാ സൗകര്യമൊരുക്കുകയെന്നതാണ് സർക്കാർ അക്കാര്യത്തിൽ നിലപാട് സ്വീകരിച്ചത്. രണ്ടാമത്തെ തുരങ്കം എട്ട് മാസത്തിനകം പൂർത്തീകരിക്കാനാവും. ഇതിനായി സമയക്രമീകരണവും തീരുമാനിച്ചു. പ്രവൃത്തികൾ ചെയ്തു തീർക്കാനുള്ളത് തടസങ്ങളില്ലാതെ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഇത്തരം മീറ്റിങുകൾ നടന്നുവരുന്നതായും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിർമാണത്തിലെ തടസ്സങ്ങൾ നീക്കി വേഗത കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണം. എല്ലാമാസവും ഡിവിഷൻ തലത്തിൽ യോഗം ചേർന്ന് മിനിറ്റ്സ് അയക്കണം.
കരാറുകാർ നിർമാണം പൂർത്തീകരണം അകാരണമായി നീട്ടി കൊണ്ട് പോകരുത്. ഉദ്യോഗസ്ഥർ ഓരോ ഫയലുകളും എസ്റ്റിമേറ്റുകളും അന്നുതന്നെ തീർപ്പാക്കണം. നിർമാണ  പ്രവർത്തന പുരോഗതി അപ്പപ്പോൾ അതത് മണ്ഡലത്തിലെ എംഎൽഎമാരെ അറിയിക്കണം. ഇതിനായി എല്ലാ വകുപ്പുകളും കൈകോർത്ത് പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. റോഡ് നിർമാണത്തിന് ആവശ്യമായ മരംമുറിക്കുന്നതിന് ജില്ലാ കലക്ടറുമായി കൂടിയാലോചിച്ചു വേഗത കൂട്ടണം. ജില്ലയിൽ പലയിടത്തും റോഡ് കൈയേറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ പി ഡബ്ല്യു ഡി യുടെ പരിധിയിൽ വരുന്ന ബൗണ്ടറി മാർക്ക് ചെയ്ത് അളന്ന് തിട്ടപ്പെടുത്തിയിടണമെന്നും മന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനുകളോട് ചേർന്ന് കേസിൽ പെട്ട വാഹനങ്ങൾ റോഡിൽ കിടക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കളക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങൾ നീക്കം ചെയ്തു സ്ഥലം വൃത്തിയാക്കി കംഫർട്ട് സ്റ്റേഷൻ പോലെയുള്ള സാധ്യതകൾ ഒരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ
മനസ്സിലാക്കി ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രധാന  ടൂറിസം പദ്ധതികളായ കൊടുങ്ങല്ലൂർ മുസിരിസ്, ഗുരുവായൂർ അതിഥി മന്ദിര നിർമാണം, അതിരപ്പിള്ളി ഫസിലിറ്റി സെന്റർ നിർമാണം, പാർക്കിങ് സംവിധാനം ഏർപ്പെടുത്തൽ എന്നിവ ത്വരിതഗതിയിലാക്കും. വഞ്ചിക്കുളം, കാക്കത്തുരുത്തി, മലക്കപ്പാറ വിനോദസഞ്ചാര മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾ ഉടനടി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. രാമനിലയത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ, കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ എന്നീ പ്രവൃത്തികളും വേഗത്തിലാക്കും.

ഓരോ പഞ്ചായത്തിലും ഒന്നിൽകൂടുതൽ ടൂറിസം ഡെസ്റ്റിനേഷനുകൾ സാധ്യമാക്കണം. പ്രകൃതിരമണീയതയ്ക്ക് ഒപ്പം തന്നെ സംസ്കാരം, ചരിത്രം, ജനങ്ങളുടെ പ്രത്യേകത എന്നിവക്ക് അനുസരിച്ചും ഡെസ്റ്റിനേഷനുകൾ
സാധ്യമാക്കണമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. 

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു,  ജില്ലയിലെ എം.എൽ.എമാർ, എം.എൽ എമാരുടെ പ്രതിനിധികൾ,
പി ഡബ്ല്യു ഡി, റോഡ്സ്, ബിൽഡിങ് വകുപ്പ് ഉദ്യോഗസ്ഥർ, കിഫ്‌ബി ഉദ്യോഗസ്ഥർ
എന്നിവർ യോഗത്തിൽ പങ്കെടുത്തു.