ജില്ലയിൽ ഒരു ലക്ഷത്തിലേറെ തെരുവുനായകള്‍ക്ക് വാക്‌സിന്‍ നല്‍കും: ഒക്ടോബർ 30നകം വാക്സിനേഷൻ പൂർത്തിയാക്കും; തീരുമാനം മന്ത്രിമാരുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ

5

വളര്‍ത്തുനായകളും തെരുവുനായകളും ഉള്‍പ്പെടെ ജില്ലയിലെ ഒരു ലക്ഷത്തിലേറെ നായകള്‍ക്ക് പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ രാജന്‍, ഡോ. ആര്‍ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അടിയന്തര പരിഹാരമെന്ന നിലയില്‍ ഇവയ്ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ഊര്‍ജിത ക്യാംപയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്.

Advertisement

ഒക്ടോബര്‍ 30നകം ജില്ലയിലെ മുഴുവന്‍ നായകള്‍ക്കും വാക്‌സിന്‍ നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. വാക്‌സിനേഷനു വേണ്ടി നായയെ എത്തിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള രണ്ട് വീതം സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കും. ഇവര്‍ക്ക് പ്രത്യേക വാഹനവും ലഭ്യമാക്കും. നായകളെ പിടിക്കുന്നതിനായി കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. ഇതിനായി വെറ്ററിനറി വകുപ്പും വെറ്ററിനറി സര്‍വകലാശാലയും ഉള്‍പ്പെടെ നടപടി സ്വീകരിക്കണം. സാധ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് എത്രയും വേഗം പരിശീലനം പൂര്‍ത്തിയാക്കാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരെയും ഇതിന്റെ ഭാഗമാക്കും. വാക്‌സിന്‍ ലഭിച്ച നായകളെ തിരിച്ചറിയുന്നതിനായി അവയ്ക്ക് പെയിന്റ് കൊണ്ട് അടയാളമിടും.

അതോടൊപ്പം തെരുവ് നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപനത്തിലും നായകളെ പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. അതിന് അനുയോജ്യമായ സംവിധാനങ്ങളുടെ പട്ടിക എത്രയും വേഗം തദ്ദേശസ്ഥാപനങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറണം. ദുരന്തനിവാരണ നിയമം അനുസരിച്ച് ഇവ ഏറ്റെടുത്ത് ഡോഗ് ഷെല്‍ട്ടറുകളാക്കി മാറ്റാനാണ് തീരുമാനം. നായശല്യം തടയുന്നതുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി ഭേദഗതി ചെയ്ത് 22ന് നടക്കുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം നേടണം.

നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ രണ്ട് ബ്ലോക്കുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ സെന്ററുകള്‍ സ്ഥാപിക്കണം. നിലവില്‍ കോര്‍പറേഷനിലെ എബിസി കേന്ദ്രത്തിന്റെ സേവനം ആഴ്ചയില്‍ രണ്ടുദിവസം മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ലഭ്യമാക്കും. ജില്ലയിലെ മാള, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളില്‍ കൂടി എബിസി കേന്ദ്രങ്ങള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. നായശല്യം കുറയ്ക്കുന്നതിനായി മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

നായശല്യത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി എല്ലാ മണ്ഡലങ്ങളിലും സെപ്തംബര്‍ 20ന് മുമ്പായി എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരണം. യോഗത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, സംഘടനാ, വ്യാപാരി പ്രതിനിധികള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, തൊഴിലാളി സംഘടനകള്‍, ഹോട്ടല്‍ ആന്റ് റെസ്‌റ്റൊറന്റ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മൃഗാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവരെ പങ്കെടുപ്പിക്കണം. മണ്ഡലംതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസറായി നിയമിച്ചതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. മണ്ഡലം തല യോഗത്തിന് ശേഷം തദ്ദേശസ്ഥാപന തലങ്ങളിലും സമാനമായ രീതിയില്‍ യോഗങ്ങള്‍ ചേര്‍ന്ന് ക്യാംപയിന്‍ വിജയിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, എംഎല്‍എമാരായ സി സി മുകുന്ദന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, എന്‍ കെ അക്ബര്‍, മുരളി പെരുനെല്ലി, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എസ് ബസന്ത്‌ലാല്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി വി സുരേന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement