ജില്ലയിൽ 16 മികവിൻ്റെ കേന്ദ്രങ്ങളുടെ ഉദ്ഘാടനം: വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്തുമില്ലാത്ത മാറ്റമുണ്ടായെന്ന് മന്ത്രി എ സി മൊയ്തീൻ

7
5 / 100

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്തുമില്ലാത്ത മാറ്റമാണുണ്ടായതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ. വടുതല ഗവ. അപ്പർ പ്രൈമറി സ്കൂളിൽ 88 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി ഗവ. സ്കൂളുകൾ മുറവിളി കൂട്ടുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഈ സർക്കാർ വന്നപ്പോൾ പഴങ്കഥയായി മാറി. വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക സൗകര്യങ്ങൾ എല്ലായിടത്തുമെത്തിക്കാനായെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ ഇനി ഒഴിവാക്കാനാവില്ല. അത് കൂടുതൽ പഠനത്തിന് ഉപകരിക്കുമെന്നുള്ളതിനാൽ കുട്ടികൾ അതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം.
സാങ്കേതിക വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായി 5 ലക്ഷം കുടുംബങ്ങളിലേക്ക് ലാപ്ടോപ് എത്തിക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. 1800 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച കെ ഫോൺ പദ്ധതി വിദ്യാഭ്യാസത്തിനു കൂടി മുതൽക്കൂട്ടാവുമെന്നും വിദ്യാഭ്യാസ സൗകര്യങ്ങളിലേക്ക് സ്കൂളുകളെ മാറ്റിയത് ജനങ്ങളുടെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തും ഇനിയും മാറ്റങ്ങളുണ്ടാകണം. അതിനു തുടർച്ചയുമുണ്ടാകണം. ഇതിൻ്റെ ഭാഗമായി കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരൻ, പി കെ ബഷീർ, പ്രിയ സജീഷ്, വാർഡ് കൗൺസിലർ ഷക്കീന മിൽസ, കൗൺസിലർ സുജീഷ്, സ്കൂൾ പ്രധാനാധ്യാപിക പ്രഭാവതി തുടങ്ങിയവർ പങ്കെടുത്തു.