ജില്ലയിൽ 16 സ്കൂളുകൾ കൂടി മികവിൻ്റെ കേന്ദ്രങ്ങൾ: ഉദ്ഘാടനം നാളെ: കിഫ്ബി ഫണ്ടായ അഞ്ചുകോടിയിൽ ഒരു സ്കൂൾ, മൂന്ന് കോടിയിൽ അഞ്ച് സ്കൂളുകൾ, മറ്റു ഫണ്ടുകളിൽ 10 സ്കൂളുകൾ

15
5 / 100

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ 16 സ്‌കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഫെബ്രു. ആറിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വിദ്യാലയങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

നന്തിക്കര ജി വി എച്ച് എസ് എസ്, കണ്ടശ്ശാംകടവ് പി ജെ എം എസ് എച്ച് എസ് എസ്, ചേലക്കര എസ് എം ടി എച്ച് എസ് എസ്, വില്ലടം ജി എച്ച് എസ് എസ്, പീച്ചി ജി എച്ച് എസ് എസ്, വരവൂർ ജി എച്ച് എസ് എസ്, പുതുക്കാട് ജി വി എച്ച് എസ് എസ്, നന്തിപ്പുലം ജി യു പി എസ്, കോടാലി ജി എൽ പി എസ്, മൂർക്കനിക്കര ജി യു പി എസ്, കൊരട്ടി പി എൽ പി എസ്, വടുതല ജി യു പി എസ്, ചാലക്കുടി ജി ജി എച്ച് എസ്, ചമ്മന്നൂർ ജി എൽ പി എസ്, തൃക്കൂർ ടി പി എസ് എച്ച് എസ് എസ്, തൃക്കൂർ ടി പി എസ് എച്ച് എസ് എന്നീ വിദ്യാലയങ്ങളുടെ നിർമാണമാണ് പൂർത്തിയാക്കിയത്.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി ഡോ. എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഇപി ജയരാജൻ, കെ കെ ശൈലജ, എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, പി തിലോത്തമൻ, എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, എം എം മണി, കെ കൃഷ്ണൻകുട്ടി, കെ രാജു, ഡെപ്യൂട്ടി സ്പീക്കർ വി ശശി എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിപാടിയിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു എന്നിവരും പങ്കെടുക്കും.

ഇതിനോടനുബന്ധിച്ച് ജില്ലയിൽ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ പ്രാദേശിക സമ്മേളനങ്ങളും നടക്കും. ജില്ലയിൽ ഗവ. ചീഫ് വിപ്പ് അഡ്വ കെ രാജൻ, എംഎൽഎമാരായ ബി ഡി ദേവസ്സി, യു ആർ പ്രദീപ്, കെ വി അബ്ദുൽഖാദർ എന്നിവർ പങ്കെടുക്കും.

ജില്ലയിൽ കിഫ്ബി, പ്ലാൻ ഫണ്ട്, എസ് എസ് കെ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തിയാണ് വിദ്യാലയ കെട്ടിടങ്ങൾ പണിതുയർത്തിയത്. നേരത്തെ 21സ്‌കൂൾ കെട്ടിടങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തിയിരുന്നു. 2020 സെപ്തം. ഒമ്പത്, ഒക്ടോ. 3, നവം. 4 തിയതികളിലായാണ് വിവിധ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കിയത്.

കിഫ്ബിയുടെ അഞ്ചുകോടിയിൽ ഉൾപ്പെട്ട ഒരു സ്‌കൂളും മൂന്നുകോടിയിൽ ഉൾപ്പെട്ട അഞ്ചു സ്കൂളും പ്ലാൻ ഫണ്ട്, എസ് എസ് കെ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവയിൽ ഉൾപ്പെട്ട 10 സ്കൂളുകളുമാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ മുഹമ്മദ് സിദ്ദീഖ് അറിയിച്ചു.